ഓൺലൈൻ വഴി പിരിവ്: രജിസ്റ്റർ ചെയ്തത് 1,200 കേസുകൾ
text_fieldsദുബൈ: റമദാനിൽ ഓൺലൈനായി പിരിവ് നടത്തിയ സംഭവത്തിൽ കഴിഞ്ഞ വർഷം 1,200ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന സമാഹരിക്കുന്നുവെന്ന വ്യാജേനയാണ് ഓൺലൈൻ വഴി തട്ടിപ്പുകാർ പണം പിരിക്കുന്നത്. റമദാനിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ. വ്യക്തികളുടെയും കമ്പനികളുടെയും സഹതാപം ലക്ഷ്യം വെച്ച് വ്യാജ മാനുഷിക കഥകളിലൂടെയും മറ്റുമാണ് ഓൺലൈൻ കാമ്പയിനുകൾ നടക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളെ മറയാക്കുന്നതിനൊപ്പം സകാത്തും സംഭാവനകളും ശേഖരിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുകയും ചെയ്യും. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കൽ, വൈകാരികമായ രംഗങ്ങളുടെ ഫോട്ടോകളും വിഡിയോകളും പങ്കുവെക്കൽ, ആൾമാറാട്ടം, വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള രീതികളാണ് പണം തട്ടാൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന മാർഗങ്ങൾ. എന്നാൽ, ഇത്തരം അക്കൗണ്ടുകളും വെബ്സൈറ്റുകളും നിരീക്ഷിക്കുന്നതിന് എല്ലാ ആധുനിക സാങ്കേതിക വിദ്യകളും സ്വീകരിച്ചുവരുന്നതായി സൈബർ സെക്യൂരിറ്റി അധികൃതർ അറിയിച്ചു. വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനും തട്ടിപ്പുകാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും സെക്യൂരിറ്റി ഏജൻസികളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചുവരുകയാണ്.
അതേസമയം, ഓൺലൈൻ വഴി സംഭാവന നൽകുന്നതിനുമുമ്പ് സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളുടെയും ആധികാരികത ഉറപ്പുവരുത്തണമെന്ന് പൊതുജനങ്ങളോടും കമ്പനികളോടും സൈബർ സെക്യൂരിറ്റി അധികൃതർ അഭ്യർഥിച്ചു. ബന്ധപ്പെട്ട അതോറിറ്റികൾ അംഗീകരിച്ച ഔദ്യോഗിക സ്ഥാപനങ്ങൾ വഴി മാത്രം സംഭാവന നൽകണം. നിയമ സാധുതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുമുമ്പ് ഓൺലൈനായി ആരുമായും ക്രെഡിറ്റ് കാർഡ് നമ്പറുകൾ പങ്കുവെക്കരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. സംശയകരമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.