100% വിദേശ നിക്ഷേപത്തിന് ഇനി 10 നാൾ മാത്രം
text_fieldsദുബൈ: വിദേശികൾക്ക് സ്പോൺസറില്ലാതെ യു.എ.ഇയിൽ നേരിട്ട് നൂറു ശതമാനം വ്യവസായ നിക്ഷേപം നടത്തുവാനുള്ള സൗകര്യം ലഭ്യമാവാൻ ഇനി 10 ദിവസം മാത്രം. ജൂൺ ഒന്നിന് നിലവിൽ വരുന്ന പദ്ധതി പ്രകാരം പുതുതുടക്കങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെയുള്ള പ്രവാസി വ്യവസായ സ്ഥാപനങ്ങൾ.
ആറ് മാസം മുൻപ് ഉത്തരവിറക്കിയപ്പോൾ 122 തരം സ്ഥാപനങ്ങളെയായിരുന്നു പട്ടികയിൽ ഉൾപെടുത്തിയിരുന്നത്. സാമ്പത്തീക വികസന വകുപ്പിെൻറ നേതൃത്വത്തിലെ സമിതിയായിരിക്കും ഏതൊക്കെ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. നെഗറ്റീവ് ലിസ്റ്റ്, പോസിറ്റീവ് ലിസ്റ്റ് എന്നിങ്ങനെ തരംതിരിച്ചാണ് കമ്പനികൾക്ക് അനുമതി നൽകുന്നത്.
തന്ത്രപ്രധാന മേഖലകളായ എണ്ണ ഖനനം, വാതക മേഖല, ടെലികോം ഉൾപെടെയുള്ളവ ഒഴികെയുള്ള മേഖലകളിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ബാങ്കിങ്, ഇൻഷ്വറൻസ്, ലേബർ സേപ്ല പോലുള്ള മേഖലക്ക് തൽകാലം അനുമതി നൽകുന്നില്ലെന്നാണ് സൂചന. എന്നാൽ, യു.എ.ഇയുടെ വിദേശ നിക്ഷേപ നയങ്ങൾ ലഘൂകരിക്കുന്നതിനാൽ ഭാവിയിൽ ഈ മേഖലകളും പോസിറ്റീവ് ലിസ്റ്റിലേക്ക് ഉൾപെടുത്തുമെന്നും വിദഗ്ദർ വിലയിരുത്തുന്നു.
യു.എ.ഇയുടെ സാമ്പത്തിക മേഖലയെ നേരിട്ട് സ്വാധീനിക്കുന്ന വ്യവസായങ്ങൾക്കായിരിക്കും പ്രഥമ പരിഗണന. ഡിജിറ്റൽ മേഖലയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്പോർട്സ്, മെഡിക്കൽ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിദേശികൾക്ക് നേരിട്ട് നിക്ഷേപമിറക്കാം. നിലവിൽ ഫ്രീസോണുകളിൽ മാത്രമാണ് ഇതിന് അനുമതി.
പുതിയ തീരുമാനം നടപ്പാകുന്നതോടെ മെയിൻ ലാൻഡുകളിലും സ്വന്തമായി ബിസിനസ് തുടങ്ങാം. എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകില്ല. ഓരോ സ്ഥാപനങ്ങൾക്കും നിശ്ചിത മുതൽമുടക്ക് നിശ്ചയിക്കും. അതിന് മുകളിൽ മുതൽ മുടക്കുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് പൂർണ വിദേശ നിക്ഷേപത്തിന് അനുമതി നൽകുക. നിലവിൽ പഴയ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും പുതിയ നിയമഭേദഗതിയുടെ ഭാഗമാകാൻ കഴിയും. എന്നാൽ, നിലവിലെ സ്വദേശി പങ്കാളികളെ എങ്ങിനെ ഒഴിവാക്കും എന്നതിനെ കുറിച്ച് നിർദേശങ്ങൾ ലഭിച്ചിട്ടില്ല.
ജൂൺ ഒന്നിന് നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇക്കാര്യത്തിലും വ്യക്തതയുണ്ടാകുമെന്ന് കരുതുന്നു. ടാറ്റ പോലുള്ള സ്ഥാപനങ്ങൾ യു.എ.ഇയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നുണ്ട്. ഇതുപോലുള്ള വൻകിട സ്ഥാപനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും പുതിയ തീരുമാനം. കമ്പനികളുടെ 70 ശതമാനം ഷെയറും പൊതുജനങ്ങൾക്ക് വിൽക്കാം എന്ന തീരുമാനവും ബിസിനസുകൾക്ക് ഗുണം ചെയ്യും. നേരത്തെ 30 ശതമാനം വിൽക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.