സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; സ്മാർട്ട് ബസുകൾ തയാർ
text_fieldsദുബൈ: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലും താമസസ്ഥലങ്ങളിലുമെത്തിക്കാൻ സ്മാർട്ട് ബസുകൾ തയാറായി. കുട്ടികളുടെയും ബസിെൻറയും ചലനങ്ങൾ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനും കഴിയുന്ന രീതിയിലാണ് ബസുകൾ ഒരുക്കിയത്. ദുബൈയിലെ 21 സ്കൂളുകളിലായി 18608 വിദ്യാർഥികളാണ് ബസ് യാത്രക്ക് ഡി.ടി.സിയിൽ രജിസ്റ്റർ ചെയ്തത്. 400 സ്മാർട്ട് ബസുകൾ സർവിസ് നടത്തും. എന്നാൽ, മറ്റുചില എമിറേറ്റുകളിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദുബൈയിൽ രക്ഷിതാക്കളുടെ താൽപര്യമനുസരിച്ച് ഓൺലൈൻ പഠനമോ ക്ലാസ് മുറികളിലെ പഠനമോ തെരഞ്ഞെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അവധിക്കാലത്തിനുശേഷം ഈ മാസം അവസാനമാണ് സ്കൂൾ തുറക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുംവിധം രക്ഷിതാക്കൾക്ക് ആത്മവിശ്വാസം പകരുന്ന രീതിയിലാണ് മുൻകരുതൽ നടപടിയെടുത്തതെന്ന് ഡി.ടി.സി ഓപറേഷൻസ് ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു. വിദ്യാർഥികളെ ഇറക്കിയശേഷവും ബസിൽ കയറ്റുന്നതിനു മുമ്പും അണുനശീകരണം നടത്തും. ഇതിന് ഷെഡ്യൂൾ തയാറാക്കും. ബസിൽ 50 ശതമാനം വിദ്യാർഥികൾക്കുമാത്രമേ പ്രവേശനം ഉണ്ടാവൂ. എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കും.
മുന്നൊരുക്കങ്ങളിൽ രക്ഷിതാക്കൾ സംതൃപ്തരാണെന്നതിെൻറ തെളിവാണ് കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തത്. 408 ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 129 വനിത ജീവനക്കാർ ബസിൽ ഉണ്ടാവും. അടിയന്തര ഘട്ടങ്ങളിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ദുബൈ കോർപറേഷൻ ഫോർ ആംബുലൻസാണ് പരിശീലനം നൽകിയത്. കുട്ടികളെയും ബസിനെയും പ്രത്യേക ഡിവൈസിെൻറ സഹായത്തോടെ ട്രാക് ചെയ്യും. അത്യാവശ്യ ഘട്ടത്തിൽ സഹായത്തിനായി എമർജൻസി ബട്ടനുണ്ട്. കാമറ, സെൻസർ, ജി.പി.എസ്, റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ എന്നിവയും ഉണ്ടാകും.
ബസ് സർവിസുകൾക്കായി രക്ഷിതാക്കൾക്ക് https://schoolbus.dubaitaxi.ae/parentportal എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഇതുവഴി രക്ഷിതാക്കൾക്കും കുട്ടികളുടെയും ബസിെൻറയും ചലനങ്ങൾ ഫോൺ വഴി നിരീക്ഷിക്കാൻ കഴിയും. ഡി.ടി.സി സ്കൂൾ ബസ് ആപ്പ് വഴിയാണ് ഈ സൗകര്യം ഒരുക്കിയതെന്നും മർവാൻ അൽ സറൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.