പ്രിയ കവി, അങ്ങയുടെ വാക്കുകള്‍ ഇവിടെ ഉറങ്ങാതിരിക്കുന്നു...
text_fieldsദുബൈ: ശവകുടീരത്തില്‍ നീയുറങ്ങുമ്പൊഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു എന്നെഴുതിയ മഹാകവി ഒ.എന്‍.വിക്ക് ആ വരികള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് യു.എ.ഇ മലയാളി സമൂഹത്തിന്‍െറ സ്നേഹാഞ്ജലി.
കവിയുടെ ഒന്നാം വിയോഗ വാര്‍ഷിക ദിനത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന മുഴുദിന പരിപാടി പ്രഗത്ഭരായ വിശിഷ്ടാതിഥികളും മലയാളത്തെ നെഞ്ചിലേറ്റുന്ന ജീവസുറ്റ സദസും ചേര്‍ന്ന് അവിസ്മരണീയമാക്കി.
ഹരിതമാസനം എന്ന പേരില്‍ ഒ.എന്‍.വി ഫൗണ്ടേഷന്‍ ഒരുക്കിയ പരിപാടിയില്‍ പങ്കുകൊള്ളാന്‍ എണ്‍പതു പിന്നിട്ട വയോധികരും പൊടിക്കുഞ്ഞുങ്ങളുമുള്‍പ്പെടെ കുടുംബ സമേതമാണ് നൂറുകണക്കിനുപേര്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയത്. ഒ.എന്‍.വിയെയും മലയാളത്തെയും പ്രവാസി സമൂഹം എത്രമാത്രം സ്നേഹിക്കുന്നുവെന്നത് വിളിച്ചു പറയുന്ന അന്തരീക്ഷത്തില്‍ നടത്തിയ ചടങ്ങില്‍ മലയാളത്തെ തങ്ങളും സ്നേഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രമുഖ അറബ് കവി ഡോ. ഷിഹാബ് ഗാനിമും സിംഹള കവിയും ചിന്തകനുമായ പ്രഫ. ചേരന്‍ രുദ്രമൂര്‍ത്തിയും പ്രസാധകയും അറബ് എഴുത്തുകാരിയുമായ ഡോ. മറിയം ഷിനാസിയുമത്തെിയത് ഭാഷകളുടെ സ്നേഹാലിംഗനമായി മാറി.
ഒ.എന്‍.വിയുടെ പേരില്‍ ഏര്‍പ്പെടുത്തി ആഗോള കവിതാ പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ഗാനിം കേരളം തനിക്കു പകര്‍ന്ന അക്ഷരസ്നേഹം വിശദീകരിച്ചു. കമലാ സുരയ്യക്ക് നോബല്‍ സമ്മാനം ലഭിക്കേണ്ടിയിരുന്നു എന്നഭിപ്രായപ്പെട്ട അദ്ദേഹം ഒ.എന്‍.വി എഴുതിയ ‘കറുത്ത പക്ഷിയുടെ പാട്ടി’ന് തയ്യാറാക്കിയ അറബ് വിവര്‍ത്തനം ആലപിച്ചു. പിതാവില്‍ നിന്ന് പറഞ്ഞുകേട്ട കേരളം സന്ദര്‍ശിച്ച താന്‍ ഇപ്പോള്‍ മലയാളത്തെയും മലയാളികളെയും അവരുടെ സാഹിത്യ സ്നേഹത്തെയും ഏറെ ആദരിക്കുന്നുവെന്ന് ഡോ. മറിയം ഷിനാസി പറഞ്ഞു.
കലിക്കറ്റ് സര്‍വകലാശാലക്ക് 900 പുസ്തകങ്ങള്‍ സംഭാവന ചെയ്ത തനിക്കൊപ്പം ഇക്കുറി ഭാഷാ സെമിനാറിനോടനുബന്ധിച്ച് 20 അറബ് എഴുത്തുകാര്‍ കേരളം സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കവി മുത്തച്ഛന് അക്ഷര പ്രണാമമര്‍പ്പിച്ച് യു.എ.ഇയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളായ റൂഥ് ട്രീസ, ദേവനന്ദ രാജേഷ്, ദേവിക രമേഷ്, ഗൗതം മുരളി, സൂര്യ സജീവ്, ദേവിക രവീന്ദ്രന്‍ എന്നിവര്‍ നടത്തിയ ഒ.എന്‍.വി കവിതാലാപനം മികച്ച നിലവാരം പുലര്‍ത്തി.
ഗായത്രി അശോകന്‍, രാജീവ് ഒ.എന്‍.വി, അപര്‍ണ രാജീവ്, സായി ബാലന്‍, ശരത്, മീനാക്ഷി ജയകുമാര്‍, അഞ്ജു രഞ്ജിത്, വിധുന വിശ്വനാഥന്‍ തുടങ്ങിയവര്‍ അണിനിരന്ന ഒ.എന്‍.വി നാടക-സിനിമാ ഗാനങ്ങളുടെ അവതരണവും വിരുന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.