പ്രവാസലോകത്തിന് തീരാനഷ്ടം
text_fieldsഅജ്മാന്: മലയാളികളുടെ പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടി വിടപറയുമ്പോള്‍ പ്രവാസികള്‍ക്കും ഓര്‍ക്കാന്‍ ഒരുപിടി നല്ല ഓർമകള്‍ ബാക്കിയാകുന്നു. പ്രവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുമ്പോള്‍ ചെറുപ്പ വലുപ്പമില്ലാതെ കാര്യങ്ങള്‍ കേള്‍ക്കാനും വിഷയം പഠിക്കാനും പരിഹാരം കാണാനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതായി പ്രവാസലോകം നന്ദിയോടെ ഓര്‍ക്കുന്നു. ഏറെ കാലമായുള്ള ആവശ്യമാണ് പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സൗജന്യമാക്കണമെന്നത്. പ്രവാസികളുടെ നിരന്തരമായ ആവശ്യം ഉമ്മന്‍ ചാണ്ടിക്ക് മുന്നിലും പ്രവാസികള്‍ ഉന്നയിച്ചിരുന്നു. വിഷയത്തെക്കുറിച്ച് പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും വിഷയം കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിക്കാമെന്നും തന്റെ മുന്നിലെത്തിയവരോട് ഉമ്മന്‍ ചാണ്ടി വാക്കും നല്‍കിയിരുന്നു.
2019 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനാർഥം ദുബൈയിലെത്തിയ ഉമ്മന്‍ ചാണ്ടി സോനാപൂരിലുള്ള എംബാമിങ് സെന്റര്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ദിനംപ്രതി മലയാളികളടക്കമുള്ളവരുടെ മൃതദേഹം എംബാമിങ് ചെയ്യുന്ന സെന്റര്‍ സന്ദര്‍ശിച്ച കേരളത്തില്‍നിന്നുള്ള ആദ്യ നേതാവാണ് ഉമ്മന്‍ ചാണ്ടി. മൃതദേഹങ്ങളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന മലയാളികളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്ന സംഭവം നന്ദിയോടെ സ്മരിക്കുകയാണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി ബാബു കാദര്‍. വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഉയര്‍ന്നുവരുന്ന ആവശ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തന്റെ മുന്നിലെത്തിയ സാമൂഹിക പ്രവര്‍ത്തകരോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രത്തില്‍ കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി അന്ന് അവിടെയുണ്ടായിരുന്ന അഷ്റഫ് താമരശ്ശേരി വിവരിക്കുന്നു. ജനുവരി പത്തിന് വൈകീട്ട് നാലുമണിയോടെ എത്തിയ ഉമ്മന്‍ ചാണ്ടി എംബാമിങ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വിലയിരുത്തുകയും ശേഷം പുറത്തിറങ്ങി തന്റെ മുന്നിലെത്തിയവരുടെ വിഷയങ്ങള്‍ കേള്‍ക്കാന്‍ ഏറെനേരം ചെലവഴിക്കുകയും ചെയ്തിരുന്ന നല്ല ഓര്‍മകള്‍ അയവിറക്കുകയാണ് പ്രവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.