സാമ്പത്തിക കുറ്റകൃത്യം തടയാൻ പ്രത്യേക ഓഫിസുകൾ തുറക്കുന്നു
text_fieldsദുബൈ: രാജ്യത്ത് കള്ളപ്പണം തടയുന്നതുൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ ഓഫിസുകൾ തുറക്കുന്നു. ഇതു സംബന്ധിച്ച് അറ്റോണി ജനറൽ സമർപ്പിച്ച നിർദേശം നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി അധ്യക്ഷനായ ഫെഡൽ ജുഡീഷ്യൽ കൗൺസിൽ അംഗീകരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും വളർച്ചയും ശക്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള ആദ്യ നടപടിയെന്ന നിലയിലാണ് പുതിയ ജുഡീഷ്യൽ ഓഫിസുകളെ വിലയിരുത്തുന്നത്.
കോർപറേറ്റ് തലത്തിലെ കുറ്റകൃത്യങ്ങൾ, ബാങ്ക് തട്ടിപ്പ്, മത്സരരംഗത്തെ നിയന്ത്രണം, ധനവിപണികൾ, ബൗദ്ധിക സ്വത്ത് ഇടപാടുകൾ, കസ്റ്റംസ് നികുതി കുറ്റകൃത്യങ്ങൾ, ട്രേഡ്മാർക്കുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേസുകൾ ഫെഡറൽ പ്രോസിക്യൂഷൻ ഓഫിസിന് കീഴിലായിരിക്കും വരുക.രാജ്യാന്തരതലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ യു.എ.ഇ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.
2020 മുതൽ 899 കുറ്റവാളികളെയാണ് യു.എ.ഇ പിടികൂടി അന്താരാഷ്ട്ര തലത്തിൽ കൈമാറിയിട്ടുള്ളത്. ഇതിൽ 43 കേസുകൾ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ തന്നെ 10 പേർ ഭീകരവാദികളോ ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയവരോ ആണ്. സാമ്പത്തിക കുറ്റുകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ഈ വർഷം ആദ്യ പാദത്തിൽ 11.5 കോടി ദിർഹമാണ് പിഴയായി ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.