വ്യവസായ മേഖല ശാക്തീകരിക്കാൻ 'ഒാപറേഷൻ 300 ബില്യൺ'
text_fieldsഅബൂദബി: രാജ്യത്തെ വ്യവസായ മേഖലയെ ശാക്തീകരിക്കാനും വിപുലീകരിക്കാനും 10 വർഷത്തെ സമഗ്ര പദ്ധതിക്ക് സർക്കാർ രൂപം നൽകി. 'ഒാപറേഷൻ 300 ബില്യൺ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം രാജ്യത്തെ ഉൽപാദനമേഖലയുടെ സംഭാവന 300 ബില്യൺ ദിർഹമായി ഉയർത്തും. നിലവൽ 133 ബില്യൺ ദിർഹമാണിത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ അബൂദബി ഖസ്ർ അൽ വത്വനിൽ നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്തെ 13,500 വ്യാവസായിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനുള്ള പരിപാടികളും സംരംഭങ്ങളും വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം ആരംഭിക്കും. നൂതന സാങ്കേതികവിദ്യയും നാലാം വ്യാവസായിക വിപ്ലവവും അടിസ്ഥാനമാക്കിയാണ് ഭാവി വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ദേശീയ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും വികസനത്തിനും പദ്ധതി സഹായിക്കും. ആഗോള തലത്തിൽ പ്രാദേശിക ഉൽപന്നങ്ങൾ മെച്ചപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കും. ഇതിന് പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആകർഷകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കും. ലോകമെമ്പാടുമുള്ള പ്രതിഭകളെയും െഡവലപ്പർമാരെയും വിദഗ്ധരെയും ആകർഷിക്കുന്ന ആഗോള വ്യാവസായിക കേന്ദ്രമായി യു.എ.ഇയെ മാറ്റുന്നതാവും പദ്ധതി.
ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് 'മേക് ഇറ്റ് ഇൻ ദ എമിറ്റേ്സ്' എന്ന പേരിലുള്ള പദ്ധതിയും പ്രഖ്യാപിച്ചു. യു.എ.ഇയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ അന്താരാഷ്ട്ര നിലവാരമുണ്ടെന്ന് ഉറപ്പാക്കും. അടുത്ത 50 വർഷത്തെ പദ്ധതികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നയിക്കാൻ ഇത് സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു.
വ്യാവസായിക തന്ത്രം ദേശീയ വ്യവസായങ്ങളെ ശാക്തീകരിക്കുമെന്നും അടുത്ത 50 വർഷത്തിനുള്ളിൽ ദേശീയ സമ്പദ് വ്യവസ്ഥ മികവുറ്റതാക്കുമെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.