ആരോഗ്യ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അവസരം
text_fieldsഅബൂദബി: ആരോഗ്യ വകുപ്പിനു കീഴിൽ അബൂദബിയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം സമാഹരിക്കുന്ന ശ്രമങ്ങൾ തുടരുന്നു. ആരോഗ്യ മേഖലയിൽ 100 ശതമാനം നിക്ഷേപം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അവസരം നൽകും. നിലവിലുള്ളതും ഭാവിയിൽ പ്രതീക്ഷിക്കുന്നതുമായ ആവശ്യങ്ങൾ നിറവേറ്റാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണിത്. വിദേശ നിക്ഷേപകർക്ക് 50 കിടക്കയിൽ കുറയാത്ത പൊതു ആശുപത്രികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും പങ്കാളികളാകാനും സാധിക്കും. ഹോട്ടലുകൾ, വിദേശ കമ്യൂണിറ്റികളുടെ സ്‌കൂളുകൾ, പ്രധാന നിർമാണ കമ്പനികൾ എന്നിവയുടെ ക്ലിനിക്കുകളും നിക്ഷേപകർക്ക് സ്വന്തമാക്കാനാവും.
അബൂദബി എമിറേറ്റിലെ ആരോഗ്യ പരിപാലന സേവനങ്ങളിൽ ഇത് കൂടുതൽ നിക്ഷേപത്തിന് അവസരമൊരുക്കും. ആരോഗ്യ സൗകര്യങ്ങളുടെ 80 ശതമാനം നിലവിൽ സ്വകാര്യ മേഖലയിലാണ്. അബൂദബി എമിറേറ്റ് ആഗോള നിക്ഷേപ ലക്ഷ്യസ്ഥാനമായി മാറ്റുന്നതിെൻറ ഭാഗമായി ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് ചില വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായാണ് 100 ശതമാനം സ്വന്തമാക്കാനുള്ള അവസരം നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
അബൂദബി ആരോഗ്യ വകുപ്പിനു കീഴിൽ എമിറേറ്റിലെ എല്ലാ നിവാസികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ സമൂഹം എന്ന കാഴ്ചപ്പാട് കൈവരിക്കാനുമുള്ള ശ്രമങ്ങളും തുടരുന്നതിെൻറ ഭാഗമാണ് വിദേശ നിക്ഷേപ പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്. ആരോഗ്യ ഇൻഷുറൻസിെൻറ പരിധിയിൽ വരാത്ത സൗന്ദര്യവർധക സേവനങ്ങൾക്കുപുറമെ ക്ലിനിക്കുകൾ, ഫാർമസികൾ, ദന്തചികിത്സ തുടങ്ങിയ ആരോഗ്യ സൗകര്യങ്ങളിലും നിക്ഷേപം നടത്താനുള്ള സൗകര്യം ആരോഗ്യ വകുപ്പ് വിദേശ നിക്ഷേപകർക്കായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.