ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിന് തുടക്കം
text_fieldsദുബൈ: യു.എ.ഇ ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസ് 2024ന് ദുബൈയിൽ തുടക്കം. അബൂദബി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ യു.എ.ഇ ആരോഗ്യ, മുൻകരുതൽ ഡിപ്പാർട്മെന്റും ദുബൈ ഹെൽത്ത് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ വിവിധ ആരോഗ്യ ഡിപ്പാർട്മെന്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ആരോഗ്യ സുരക്ഷ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 8000 ത്തിലധികം വിദഗ്ധരും സ്പെഷലിസ്റ്റുകളും ഓൺലൈനായും ഓഫ്ലൈനായും പങ്കെടുക്കും.
അവയവദാനം, അവയവം മാറ്റിവെക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ, അവതരണങ്ങൾ, പ്രസംഗങ്ങൾ എന്നിവയും സമ്മേളനത്തിൽ നടക്കും. ശാസ്ത്ര സെഷനിൽ അവയവദാനവും അവയവം മാറ്റിവെക്കലുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും വിദഗ്ധർ ചർച്ച ചെയ്യും.
അവയവങ്ങൾ പ്രവർത്തിക്കാത്ത കേസുകളിൽ അവയവദാനത്തിന്റെ പ്രാധാന്യം, ഇത്തരം വെല്ലുവിളികൾ നേരിടുന്നതിനുള്ള നൂതന തന്ത്രങ്ങളുടെ രൂപവത്കരണം, അവയവം മാറ്റിവെക്കലിന്റെ അനന്തരഫലങ്ങൾ, അതോടൊപ്പം സ്വീകർത്താവിന്റെ ജീവിത നിലവാരം വർധിപ്പിക്കുന്നതിൽ അവയവദാനം എത്രത്തോളം സംഭാവന ചെയ്യും തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര ചർച്ചകളാണ് സമ്മേളനത്തിൽ നടക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന പ്രോഗ്രാമാണ് ‘ഹയാത്ത്’ സംബന്ധിച്ചും പാനൽ ചർച്ചകൾ നടക്കും.
ദുബൈയിലെ ഹോട്ടൽ കോൺറാഡിൽ നടക്കുന്ന സമ്മേളനം ജനുവരി 30ന് സമാപിക്കും. ഉദ്ഘാടന പരിപാടിയിൽ കേരളത്തിൽനിന്ന് ഫാ. ഡേവിസ് ചിറമേൽ ഉൾപ്പെടെയുള്ള അവയവദാതാക്കൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.