ഓർഗാനിക് എക്സ്പോക്ക് ദുബൈയിൽ തുടക്കം
text_fieldsദുബൈ: ഓർഗാനിക്, പ്രകൃതി ഉൽപന്നങ്ങളുടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ മേളയായ ഓർഗാനിക് എക്സ്പോക്ക് ദുബൈയിൽ തുടക്കമായി. ദുബൈ വേൾഡ് സെന്ററിൽ ചൊവ്വാഴ്ച ആരംഭിച്ച മേള വ്യാഴാഴ്ചയാണ് സമാപിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച മേള ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജി. ദാവൂദ് അബ്ദുറഹ്മാൻ അൽ ഹജ്രി ഉദ്ഘാടനം ചെയ്തു.
63 രാജ്യങ്ങളിൽനിന്നായി 300ലേറെ പ്രദർശകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും മുതൽ ഓർഗാനിക് ചായപ്പൊടിയും കോഫിയും വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ 21 വർഷമായി തുടരുന്ന എക്സ്പോയിൽ ഇത്തവണ സൂപ്പർഫുഡ് പവിലിയൻ, ഇൻഗ്രീഡിയന്റ് സെഷൻ, ഫ്രഷ് ആൻഡ് പെരിഫറബ്ൾസ് കോർണർ, ഡേറ്റ്സ് പവിലിയൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും കൈവരിക്കാനുള്ള ലക്ഷ്യത്തിന് അനുസരിച്ച് മുന്നോട്ടുപോകുന്ന ഗവൺമെന്റിന്റെ നയത്തിനെ പ്രതിഫലിപ്പിക്കുന്നതാണ് എക്സ്പോയെന്നും മേളയുടെ വലുപ്പം ഇരട്ടിയായതും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 146 ശതമാനം വർധിച്ചതും ഇതിന്റെ ഫലമാണെന്നും ജനറൽ മാനേജർ ഷിനു പിള്ള പറഞ്ഞു. ഓർഗാനിക് ഉൽപന്നങ്ങളുടെ ഏറ്റവും പ്രധാന ഉൽപാദകരായ ഗ്രീസ്, തുർക്കിയ, പോളണ്ട്, യുക്രെയ്ൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രദർശകർ ഇത്തവണയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.