ഔട്ട് പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി ബെക്സ് കൃഷ്ണൻ
text_fieldsഅബൂദബി: വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബി ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച ബെക്സ് കൃഷ്ണന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ ഇടപെടലിലാണ് ജീവിതം തിരികെ ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് അബൂദബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന് (45) വധശിക്ഷ ലഭിച്ചത്. എം.എ. യൂസുഫലിയുടെ ഇടപെടലിലൂടെ വധശിക്ഷ ഒഴിവാകുകയായിരുന്നു.
അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസുഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.
2012 സെപ്റ്റംബർ ഏഴിനായിരുന്നു അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബൂദബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സി.സി.ടി.വി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ സുപ്രീംകോടതി 2013ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്‍റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ. യൂസുഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്.
കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബൂദബിയിൽ കൊണ്ടുവന്ന് താമസിപ്പിക്കുക വരെ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.