ടയർ സുരക്ഷ ഉറപ്പുവരുത്തി 23,000ത്തിലേറെ പരിശോധനകൾ
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസക്കാലയളവിൽ ടയർ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 23,000ത്തിലേറെ പരിശോധനകൾ നടത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ റോഡുകളിൽ പ്രവർത്തിക്കുന്ന ഹെവി വാഹനങ്ങളുടെ ടയറുകളാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധിച്ചത്.
ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഘടകം എന്ന നിലയിലാണ് ഡ്രൈവർമാരെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ട് പരിശോധന നടത്തിയത്. എമിറേറ്റിലെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആർ.ടി.എ നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണിത്.
നഗരത്തിൽ ട്രക്കുകളും വലിയ വാഹനങ്ങളും തുടർച്ചയായി സഞ്ചരിക്കുന്ന പ്രധാന റോഡുകളായ ആൽ മക്തൂം എയർപോർട്ട് റോഡ്, ദുബൈ -അൽ ഐൻ റോഡ്, റാസൽഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ലഹ്ബാബ് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
ഗതാഗത സുരക്ഷ, ടയറിന്റെ അവസ്ഥ സംബന്ധിച്ച് ബോധവത്കരണം ഉയർത്തുക എന്നിവയാണ് പരിശോധന ലക്ഷ്യമിട്ടതെന്ന് ആർ.ടി.എ ലൈസൻസിങ് അതോറിറ്റി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
മോശം ടയറുകൾ ഉപയോഗിക്കുന്നതിനെത്തുടർന്നുള്ള പിഴ ആറു മാസത്തിൽ 50 ശതമാനം കുറഞ്ഞതായും ട്രാഫിക് അപകടങ്ങൾ 20 ശതമാനം കുറയാൻ പരിശോധനകൾ സഹായിച്ചതായും അധികൃതർ വ്യക്തമാക്കി. ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസിയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പ് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുമായും കോണ്ടിനന്റൽ ടയേഴ്സുമായി സഹകരിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.