തീര്‍പ്പാകാതെ 600ലേറെ കേസുകള്‍: പ്രവാസി കമീഷനെ നിയമിക്കാൻ ഹൈകോടതി നിർദേശം
text_fieldsറാസല്‍ഖൈമ: പ്രവാസികളുടെ പ്രശ്നങ്ങളില്‍ തീര്‍പ്പ് കൽപിക്കാന് അധികാരമുള്ള പ്രവാസി കമീഷന് ചെയര്‍മാനെ രണ്ട് മാസത്തിനുള്ളില്‍ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിർദേശം.
പ്രവാസി കമീഷന് ചെയര്‍മാനായിരുന്ന ജസ്റ്റിസ് പി.ഡി. രാജന്റെ പ്രവര്‍ത്തന കാലാവധി കഴിഞ്ഞിട്ടും പകരം ആരെയും നിയമിക്കാത്തത് കാണിച്ച് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസസ് (പി.ഐ.എല്‍.എസ്.എസ്) ചെയര്മാന് അഡ്വ. ഷാനവാസ് കാട്ടകത്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിർദേശം.
സങ്കീര്‍ണതകള്‍ ഒഴിവാക്കി പ്രവാസികളുടെ പരാതികള്‍ വേഗത്തില്‍ കൈകാര്യംചെയ്യാനുള്ള അധികാരമാണ് പ്രവാസി കമീഷനുള്ളത്. പ്രവാസികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്കി വിളിച്ചു വരുത്തി വിശദീകരണം തേടാനുള്ള അധികാരം പ്രവാസി കമീഷനുണ്ട്.
പൊതു താല്പര്യ ഹരജിയെത്തുടര്‍ന്ന് ജസ്റ്റിസ് ഭവദാസന്‍ ചെയര്‍മാനായി 2013ലാണ് പ്രവാസി കമീഷന് രൂപവത്കരിച്ചത്. ഓഫിസ് സംവിധാനവും ശമ്പളവും മറ്റും നിശ്ചയിക്കാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നീണ്ടുപോയിരുന്നു. ഈ ഘട്ടത്തില്‍ പി.ഐ.എല്‍.എസ്.എസ് നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും എറണാകുളത്ത് ഓഫിസ് സംവിധാനം നിലവില്‍വരുകയും പ്രവര്‍ത്തനം തുടങ്ങുകയുമായിരുന്നു.
ജസ്റ്റിസ് ഭവദാസിന്റെ പ്രവര്‍ത്തന കാലയളവ് കഴിഞ്ഞ 2017ല്‍ ജസ്റ്റിസ് പി.ഡി രാജന് പ്രവാസി കമീഷന് ചെയര്‍മാനായി ചുമതലയേറ്റു. 2022 മാര്‍ച്ചിലാണ് ജസ്റ്റിസ് രാജന് പദവി ഒഴിഞ്ഞത്. പുതുതായി ആരെയും നിയമിക്കാത്തതിനെത്തുടര്ന്ന് പി.ഐ.എല്‍.എസ് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. തിരുവനന്തപുരം തൈക്കാടാണ് പ്രവാസി കമീഷന് ഓഫിസ്.
നിലവില്‍ പ്രവാസികളുടെ 600ലേറെ കേസുകളാണ് പ്രവാസി കമീഷനു മുന്നില്‍ തീര്‍പ്പാകാതെ കിടക്കുന്നതെന്ന് പി.ഐ.എല്‍.എസ് ചെയര്മാന് അഡ്വ. ഷാനവാസ് കാട്ടകത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജി.സി.സി ഉള്‍പ്പെടെ വിദേശ രാഷ്ട്രങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും കഴിയുന്ന പ്രവാസി മലയാളികളുടേതാണ് കേസുകള്‍. റിക്രൂട്ടിങ് ഏജന്‍സി വഴി കുവൈത്തില്‍ മൃഗപരിപാലന തൊഴിലിടത്തിലെത്തുകയും കള്ളക്കേസിലകപ്പെട്ട് ദുരിതത്തിലാവുകയുംചെയ്ത തിരുവനന്തപുരം സ്വദേശിനി രഞ്ചിതക്ക് തുണയായത് പി.ഐ.എല്‍.എസ്.എസ് ആയിരുന്നു.
നാട്ടില്‍നിന്ന് പി.ഐ.എല്‍.എസ് നടത്തിയ നിയമനടപടികളും കുവൈത്തില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന്റെയും കെ.എം.സി.സിയുടെയും പിന്തുണയും യുവതിക്ക് രക്ഷയായി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പരാതികളും പി.ഐ.എല്‍.എസ്.എസ് പ്രവാസി കമീഷനിലെത്തിച്ചിട്ടുണ്ടെന്ന് അഡ്വ. ഷാനവാസ് കൂട്ടിച്ചേർത്തു.
പഴയ ബ്രിട്ടീഷ് ബാങ്ക് ചെയര്മാന് ഡോ. കെ.കെ അഷ്റഫിന്റെ നേതൃത്വത്തില്‍ 2013ലാണ് പി.ഐ.എല്‍.എസ്.എസ് രൂപവത്കരിച്ചത്. 250ഓളം പരാതികള്‍ ഇക്കാലയളവില്‍ കൈകാര്യം ചെയ്തു. പുറംനാടുകളില്‍ പോകാന്‍ തയാറെടുക്കുന്നവര്‍ക്കും പ്രവാസലോകത്ത് കഴിയുന്നവര്‍ക്കും നിയമ-മാര്‍ഗനിർദേശങ്ങളടങ്ങിയ കൈപ്പുസ്തകം പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസസ് പുറത്തിറക്കുന്നുണ്ടെന്നും ഷാനവാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.