ഇതെന്തൊരു വേഗത... ;പിഴയിട്ടത് 5.39 കോടി ദിർഹം
text_fieldsദുബൈ: നഗരത്തിലെ റോഡുകളിൽ നിശ്ചയിച്ചതിനേക്കാൾ വളരെയധികം വേഗതയിൽ സഞ്ചരിച്ചതിന് കഴിഞ്ഞവർഷം മാത്രം വാഹനങ്ങൾക്ക് പിഴയിട്ടത് 5.39കോടി ദിർഹം. നിശ്ചിത വേഗതയേക്കാൾ മണിക്കൂറിൽ 60 കി.മീറ്ററിലധികം വേഗത്തിൽ സഞ്ചരിച്ച 24,837 വാഹനങ്ങളാണ് ദുബൈ പൊലീസ് കണ്ടെത്തിയത്. ഇവരിൽ 4,322 പേർ നിശ്ചയിച്ചതിലും മണിക്കൂറിൽ 80 കിലോമീറ്റർ കൂടുതൽ വേഗതയിൽ സഞ്ചരിച്ചവരാണ്.
ഏറ്റവും ഗുരുതരമായ നിയമലംഘകർക്ക് ഓരോരുത്തർക്കും 3,000 ദിർഹം വരെ പിഴയും ലൈസൻസിൽ 23 ബ്ലാക് പോയന്റും ചുമത്തിയതിന് പുറമെ, വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. മൊത്തം 20,515 ഡ്രൈവർമാരാണ് 60 കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിച്ചവരാണ്. ഇവർക്ക് ഓരോരുത്തർക്കും 2,000 ദിർഹം വീതം പിഴക്ക് പുറമെ, 12 ബ്ലാക്ക് പോയന്റുകളും 30 ദിവസത്തെ വാഹനം കണ്ടുകെട്ടലും ചുമത്തി.
വേഗപരിധി നിയമം ലംഘിക്കുന്നത് ഏറ്റവും ഗുരുതരമായ പ്രശ്നമാണെന്നും ഇത് ധാരാളം അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം മേജർ ജന. സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. എന്നാൽ, അശ്രദ്ധയോ മറ്റോ കാരണമായി അബദ്ധത്തിൽ സംഭവിക്കുന്ന ലംഘനവും മനഃപൂർവം ചെയ്യുന്ന നിയമലംഘനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിശ്ചയിച്ചതിലും വളരെയേറെ വേഗതയിൽ സഞ്ചരിക്കുന്നത് വലിയ തെറ്റാണ്. വേഗ പരിധികൾ പാലിക്കേണ്ടത് സുരക്ഷ ഉറപ്പാക്കുന്നതിന് നിർണായകമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗത സാന്ദ്രതയും റോഡിന്റെ സ്വഭാവവും ഉൾപ്പെടെ നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് സൂക്ഷ്മമായ പഠനങ്ങൾക്ക് ശേഷമാണ് ഓരോ റോഡിലും വേഗപരിധി നിശ്ചയിക്കുന്നത്. അമിതവേഗതക്കൊപ്പം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അടക്കമുള്ള ഘടകങ്ങൾ കൂടി ചേരുമ്പോൾ അപകടസാധ്യത വളരെയധികം വർധിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂട്ടി കാണാനാവാത്ത അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്ക് കഴിയാതെ വരുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. അമിതവേഗത നഗരത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.