അബൂദബിയില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്ടേക്കിങ്ങിന് അനുമതി
text_fieldsഅബൂദബി: എമിറേറ്റിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ് അനുമതി നൽകി. വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ് അനുമതി നല്‍കിയിരിക്കുന്നത്. ബെനോന ബ്രിഡ്ജില്‍നിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഇളവ് നൽകിയത്. ജനുവരി 29 മുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വരും. സ്വന്തം സുരക്ഷിതത്വത്തിനും ഇതരവാഹനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.
ഓവര്‍ടേക്കിങ് നടത്താത്തപ്പോള്‍ റോഡിന്റെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങള്‍ സഞ്ചരിക്കാവൂ. ഓവര്‍ടേക്കിങ് നടത്തുമ്പോള്‍ റിയര്‍വ്യൂ മിററില്‍ നോക്കി ബ്ലൈന്‍ഡ് സ്പോട്ട് (കണ്ണാടിയില്‍ നോക്കിയാലും കാണാത്ത ഇടം) ഇല്ലെന്ന് ഉറപ്പാക്കി വേണം ഓവര്‍ടേക്കിങ് നടത്താന്‍. സിഗ്നല്‍ നല്കി ഓവര്‍ടേക്കിങ് നടത്തിയശേഷം പഴയ ലൈനിലേക്ക് തിരിച്ചുകയറി യാത്ര തുടരണം. ട്രാഫിക് പട്രോളുകളിലൂടെയും സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെയും ഗതാഗതം നിരീക്ഷിക്കുകയും നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.