ശുദ്ധജലത്തിൽ മുത്തുച്ചിപ്പി കൃഷി; പേള്‍സ് സെന്ററിന് തുടക്കമിട്ട് അബൂദബി
text_fieldsഅബൂദബി: ശുദ്ധജലത്തില്‍ മുത്തുച്ചിപ്പി കൃഷി ചെയ്യുന്ന മേഖലയിലെ ആദ്യ പദ്ധതിയായ അബൂദബി പേള്‍സ് സെന്ററിന് തുടക്കം കുറിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി. പ്രാദേശിക മുത്തുച്ചിപ്പികളെ സംസ്കരിക്കുന്നതിനായി 2007ല്‍ മിര്‍ഫയില്‍ സ്ഥാപിച്ച അബൂദബി പേള്‍സ് സെന്ററിന്റെ വിജയം കണക്കിലെടുത്താണ് നടപടി. എമിറേറ്റില്‍ പുതിയ മുത്തുച്ചിപ്പി വര്‍ഗങ്ങളെ കൊണ്ടുവരുകയും സംസ്കരിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ പതിനായിരത്തോളം മുത്തുച്ചിപ്പികള്‍ ഉൽപാദിപ്പിക്കാന് ശേഷിയുള്ള 10 യൂനിറ്റുകളാണ് പുതിയ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ക്വാറന്റൈന് വിഭാഗവും ഗവേഷണ വിഭാഗവും ഭരണനിര്‍വഹണ വിഭാഗവും കൂടിച്ചേര്‍ന്നതാണ് പുതിയ കേന്ദ്രം. ഇതുവരെ 8500ഓളം ശുദ്ധജല മുത്തുച്ചിപ്പികള്‍ ഈ കേന്ദ്രത്തില്‍ സംസ്കരിച്ചുകഴിഞ്ഞു. സുസ്ഥിര മുത്തുച്ചിപ്പി കൃഷിയിന്മേലുള്ള പഠനത്തെയും ഗവേഷണത്തെയും പിന്തുണക്കുന്നതില് നിര്‍ണായക പങ്കാവും കേന്ദ്രം വഹിക്കുകയെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സലിം അല്‍ ധാഹിരി പറഞ്ഞു. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുമുള്ള ശുദ്ധജല മുത്തുച്ചിപ്പി ഇനങ്ങളെ സംസ്കരിക്കുന്നതിനാണ് കേന്ദ്രം പ്രാമുഖ്യം കൊടുക്കുക.
ഇത്തരം മുത്തുച്ചിപ്പികള്‍ക്ക് ഓരോന്നിനും വിവിധ ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള 15 മുതല്‍ 20 വരെ മുത്തുകള്‍ ഉൽപാദിപ്പിക്കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപ്പുവെള്ളത്തില്‍ വളരുന്ന മുത്തുകള്‍ക്ക് സ്വര്‍ണ, കറുപ്പ്, വെള്ള നിറമാണുള്ളത്.
ശുദ്ധജലത്തില്‍ വളരുന്ന മുത്തുച്ചിപ്പികളിലെ മുത്തുകള്‍ക്ക് പിങ്ക്, പര്‍പ്പ്ള്‍, വെള്ള നിറങ്ങളാണുള്ളത്. ഹ്രസ്വകാലത്തില്‍ ശുദ്ധജല മുത്തുകള്‍ വിളവെടുക്കാമെന്നതിനാല്‍ ഇതിന് ചെറിയ വലുപ്പമാണുള്ളത്.
എന്നാല്‍, മൂന്നു മുതല്‍ ആറുവര്‍ഷം വരെ വളര്‍ത്തുന്ന മുത്തുച്ചിപ്പികളില്‍ നിന്ന് ലഭിക്കുന്ന മുത്തുകള്‍ 8 മുതല്‍ 15 മില്ലിമീറ്റര്‍ വരെ വലുപ്പമുണ്ടാവാറുണ്ട്. ഉപ്പുജലത്തില്‍ വളരുന്ന മുത്തുകളുടെ വലുപ്പം 9 മുതല്‍ 16 മില്ലിമീറ്റര്‍ വരെയാണ്. ശുദ്ധജല മുത്തുകള്‍ക്കാണ് ഉപ്പുവെള്ള മുത്തുകളേക്കാള്‍ വിലക്കുറവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.