പി.എ. ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനം സംഘടിപ്പിച്ചു
text_fieldsദുബൈ: ഡോ. പി.എ. ഇബ്രാഹിം ഹാജി കാരുണ്യ രംഗത്തെ നിറ നക്ഷത്രമായിരുന്നുവെന്നും ഒരേസമയം ബിസിനസും സാമൂഹിക സേവനവും ഒരുമിച്ച് കൊണ്ടുപോയ വ്യക്തിയായിരുന്നുവെന്നും ഇന്റർനാഷനൽ ട്രെയ്നറും ലൈഫ് കോച്ചും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലി പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിതത്തിന്റെ ഓരോ ആയുസ്സും തീരുമ്പോഴും സാമൂഹികവും വിദ്യാഭ്യാസവും കൊണ്ട് സമുദായത്തെ സമുദ്ധരിക്കണം എന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുന്നവരെ അപൂർവമായിട്ടേ നമുക്ക് കാണാൻ കഴിയൂ. അതിൽ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു പി.എ. ഇബ്രാഹിം ഹാജി. ഉന്നതിയിൽ വിരാജിക്കുമ്പോഴും ആശയാദർശങ്ങളിൽ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന ഇബ്രാഹിം ഹാജിയുടെ ജീവിതം പുതുതലമുറക്ക് പകർത്തിക്കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഷൻ ജനറൽ കൺവീനറും പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായ ഇബ്രാഹിം ചൊക്ലി ഉദ്ഘാടനം ചെയ്തു. എം.സി. ഹുസൈനാർ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.വി. നാസർ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, പി.എ. സൽമാൻ, പി.എ. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാർജ അൽമജാസ്, അൽ വഹ്ദ ഖാസിമിയ, അബുശഹാറ എന്നീ സ്ഥലങ്ങളിൽ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്കിടയിൽ വളന്റിയർ സേവനം നടത്തിയ 23 വളന്റിയർമാരെ ചടങ്ങിൽ പി.എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ ഗാലന്ററി അവാർഡ് പി.എ. ഇബ്രാഹിം ഹാജിയുടെ മക്കളായ പി.എ. ലത്തീഫ്, പി.എ. സൽമാൻ, പി.എ. സുബൈർ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ കൂടുതൽ ഡോണേഴ്സിനെ പങ്കെടുപ്പിച്ച ദുബൈ കെ.എം.സി.സി മഞ്ചേശ്വര മണ്ഡല കമ്മിറ്റിക്കും മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിക്കും കോഓഡിനേറ്റർ ആസിഫ് ഹൊസങ്കടിക്കുമുള്ള ജില്ല കമ്മിറ്റിയുടെ പ്രശംസപത്രം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്ക സമ്മാനിച്ചു.
വളന്റിയർ സേവനത്തിലൂടെ ഗോൾഡൻ വിസ നേടിയ സുബൈർ അബ്ദുല്ല, ഷാഫി ചെർക്കളം എന്നിവരെ ജില്ല കമ്മിറ്റി അനുമോദിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ പേസ് ഗ്രൂപ്പിനും ഡോ. റഷീദ് ഗസാലിക്കുമുള്ള സ്നേഹോപഹാരം മുഹമ്മദ് ബിൻ അസ്ലം സമ്മാനിച്ചു.
സി.ഡി.എ ഡയറക്ടർ ബോർഡ് ഒ.കെ. ഇബ്രാഹിം, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്രാമ്പ, എൻ.കെ. ഇബ്രാഹിം, കാസർകോട് ജില്ല പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ, നേതാക്കളായ ഹനീഫ് ചെർക്കളം, റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ദീൻ, റഫീഖ് പടന്ന, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, റഫീഖ് കടാങ്കോട്, ഹനീഫ ബാവ, സി.എ. ബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, ഫൈസൽ മൊഹ്സിൻ, അഷ്റഫ് ബായാർ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, ഹസ്കർ ചൂരി, ഉബൈദ് അബ്ദുറഹ്മാൻ, ഹാരിസ് കുളിയങ്കാൽ, മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
അഷ്റഫ് പാവൂർ ഖിറാഅത്തും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല വൈസ് പ്രസിഡന്റ് ഹസൈനാർ ബീജന്തടുക്ക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.