പി.എ. റഹ്മാൻ പുരസ്‌കാരം ടി.എൻ. പ്രതാപൻ എം.പിക്ക്
text_fieldsഅബൂദബി: യു.എ.ഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഗ്രീൻവോയ്സ് ഏർപ്പെടുത്തിയ പി.എ. റഹ്മാൻ സ്മാരക പുരസ്‌കാരത്തിന് ടി.എൻ. പ്രതാപൻ എം.പി അർഹനായി. 2,22,222 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബറിൽ ദുബൈയിൽ സമ്മാനിക്കും.
പ്രവാസി വിഷയങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കുകയും നിരന്തരം പ്രവാസികൾക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന പ്രതാപെൻറ സേവനം കണക്കിലെടുത്താണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഗ്രീൻവോയ്സ് ചെയർമാൻ സി.എച്ച്. ജാഫർ തങ്ങൾ, ജനറൽ കൺവീനർ അഷറഫ് നജാത്ത്, ട്രഷറർ ഫസൽ കല്ലറ എന്നിവർ വ്യക്തമാക്കി.
യു. അബ്ദുല്ല ഫാറൂഖി, ജലീൽ പട്ടാമ്പി, റസാഖ് ഒരുമനയൂർ, കെ.പി. മുഹമ്മദ് എന്നിവർ അടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 16 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തന രംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലയിലും നിരവധി പ്രവർത്തനങ്ങൾകൊണ്ട് ഗ്രീൻവോയ്സ് ശ്രദ്ധേയമാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളെ ദത്തെടുക്കുക വഴി നിരവധി പേരെ ഉന്നതിയിൽ എത്തിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
വിവിധ ജില്ലകളിലായി മുപ്പതോളം പേർക്ക് സൗജന്യമായി ഭവന നിർമാണം, ചികിത്സാസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കനിവ് തിരുവള്ളൂരുമായി ചേർന്നു നടപ്പാക്കുന്ന പൂക്കോയ തങ്ങൾ സ്മാരക റിഹാബിലിറ്റേഷൻ സെൻററിനുവേണ്ടിയുള്ള മൂന്നുനില കെട്ടിടത്തിെൻറ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ ജാഫർ തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.