പേസ് ഗ്രൂപ്പിന്റെ പുതിയ സ്കൂൾ അജ്മാനിൽ
text_fieldsഅജ്മാൻ: പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ സ്കൂളുമായി പേസ് ഗ്രൂപ്. അജ്മാൻ ശൈഖ് അമ്മാർ റോഡ് സിറ്റി ലൈഫ് മാളിനുപിറകിൽ അൽ തല്ലാഹ് സ്കൂൾ സോണിലാണ് ബ്രിട്ടീഷ് കരിക്കുലം സ്കൂൾ തുറക്കുന്നത്. യു.എ.ഇയിൽ പേസ് ഗ്രൂപ്പിന് കീഴിൽ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂളാണിത്. സാധാരണക്കാർക്ക് ആശ്രയിക്കാവുന്നരീതിയിലുള്ള ഫീസ് ഘടനയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ മുസഫ അബൂദബി, പേസ് ബ്രിട്ടീഷ് സ്കൂൾ മുവൈല ഷാർജ, പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂൾ റാശിദിയ എന്നിവയാണ് നേരത്തെയുണ്ടായിരുന്ന ബ്രിട്ടീഷ് കരിക്കുലം സ്കൂൾ. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ മുവൈല ഷാർജ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മുവൈല ഷാർജ, പേസ് ഇന്റർനാഷനൽ സ്കൂൾ മുവൈല ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അൽ തല്ലാഹ് അജ്മാൻ എന്നിവയാണ് ഗ്രൂപ്പിന് കീഴിലെ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾ.
55 രാജ്യങ്ങളിലെ 25,000ലധികം വിദ്യാർഥികൾക്കായി 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രൂപ് നടത്തുന്നു. 2500ലധികം അധ്യാപക- അനധ്യാപക ജീവനക്കാരുണ്ട്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസമെന്ന ഡോ. പി.എ. ഇബ്രാഹീം ഹാജിയുടെ വീക്ഷണം മുൻനിർത്തിയാണ് തങ്ങളുടെ പ്രവർത്തനമെന്ന് മകനും ഡയറക്ടറുമായ സൽമാൻ ഇബ്രാഹീം പറഞ്ഞു. പുതിയ സ്കൂളിൽ ഏകദേശം 3000 വിദ്യാർഥികളെ ഉൾക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.സി.ബി.എസിലെ അധ്യാപകർ അന്താരാഷ്ട്രതലത്തിൽ യോഗ്യതയുള്ളവരും അതത് സ്പെഷാലിറ്റികളിൽ പരിചയസമ്പന്നരുമാണെന്ന് ഡയറക്ടർ സുബൈർ ഇബ്രാഹീം അറിയിച്ചു. പേസ് ഗ്രൂപ് ചീഫ് അക്കാദമിക് ഓഫിസർ കീത്ത് മാർഷ്, ഡയറക്ടർമാരായ അമീൻ ഇബ്രാഹീം, ബിലാൽ ഇബ്രാഹീം, ആദിൽ ഇബ്രാഹീം, അസീഫ് മുഹമ്മദ്, പേസ് ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ ലോറൻസ്, ലൈസൻ മാനേജർ ഹാശിം സൈനുൽ ആബിദീൻ, ഓപറേഷൻസ് മാനേജർ മർശദ് സുലൈമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.