അബൂദബിയിൽ പെയ്ഡ് പാർക്കിങ് രണ്ടിടങ്ങളിൽകൂടി
text_fieldsഅബൂദബി: എമിറേറ്റിൽ പെയ്ഡ് പാർക്കിങ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ഖലീഫ സിറ്റിയിലെ ഖലീഫ കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, ഇത്തിഹാദ് പ്ലാസ എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ് പ്രഖ്യാപിച്ചത്. ജൂലൈ 29 മുതലാണ് ഇവിടങ്ങളിൽ പെയ്ഡ് പാർക്കിങ് സൗകര്യം ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഈ രണ്ടിടങ്ങളിലായി എസ്.ഡബ്ല്യൂ 2, എസ്.ഇ 45, എസ്.ഇ 48 എന്നിങ്ങനെ മൂന്ന് ഇടത്താണ് പെയ്ഡ് പാർക്കിങ് ഉണ്ടാവുക. അൽ മിരീഫ് സ്ട്രീറ്റിലെ ഇത്തിഹാദ് എയർവേസിന്റെ ആസ്ഥാനത്തോടുചേർന്നാണ് എസ്.ഇ 48 പെയ്ഡ് പാർക്കിങ് സൗകര്യം. ഇവിടെ 694 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇതിൽ മൂന്ന് എണ്ണം നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കുള്ളതാണ്.
അൽ മിരീഫ് സ്ട്രീറ്റിനും അൽ ഇബ്തിസമാ സ്ട്രീറ്റിനും ഇടയിലായി ഇത്തിഹാദ് പ്ലാസയിലാണ് എസ്.ഇ 45 പാർക്കിങ് സൗകര്യം. ഇവിടെ 1283 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇതിൽ 17 എണ്ണം നിശ്ചയദാർഢ്യ വിഭാഗത്തിനാണ്.
അൽ മർമൂഖ് സ്ട്രീറ്റിനും അൽ ഖലായിദ് സ്ട്രീറ്റിനും തയ്യിബ് ബിൻ ഈസ സ്ട്രീറ്റിനും അൽ മുറാഹിബീൻ സ്ട്രീറ്റിനും ഇടയിലായുള്ള എസ്.ഡബ്ല്യൂ 2 പാർക്കിങ് കേന്ദ്രത്തിൽ 523 പാർക്കിങ് ഇടമാണുള്ളത്.
ഇതിൽ 17 എണ്ണം നിശ്ചയദാർഢ്യ ജനതക്കായി മാറ്റിവെച്ചിരിക്കുന്നു. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുന്നതിനുമായാണ് നടപടിയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
പാർക്കിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ നടപടികളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. പ്രീമിയം, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടുതരം പാർക്കിങ്ങാണ് മവാഖിഫ് പാർക്കിങ് സോണുകളിലുള്ളത്.
പ്രീമിയം(വെള്ളയും നീലയും അടയാളങ്ങൾ)സോണിൽ രാവിലെ എട്ടുമുതൽ പുലർച്ച 12 വരെയുള്ള പാർക്കിങ്ങിന് മണിക്കൂറിന് നാല് ദിർഹം വീതം പരമാവധി നാലുമണിക്കൂർവരെ ഈടാക്കും. സ്റ്റാൻഡേർഡ് (കറുപ്പും നീലയും അടയാളങ്ങൾ) സോണിൽ മണിക്കൂറൊന്നിന് രണ്ട് ദിർഹമും 24 മണിക്കൂർ നേരത്തേക്ക് 15 ദിർഹവുമാണ് ഈടാക്കുക. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.