ദുബൈയിൽ പണമടച്ചുള്ള പാർക്കിങ് കൂടുതൽ മാളുകളിലേക്ക്
text_fieldsദുബൈ: പണമടച്ചുള്ള പാർക്കിങ് സേവനങ്ങൾ ദുബൈയിൽ മൂന്ന് പ്രധാന ഷോപ്പിങ് മാളുകളിൽകൂടി നടപ്പിലാക്കും. നഗരത്തിലെ പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനിക്കാണ് നിയന്ത്രണ ചുമതല.
മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസിന്റെ ഉടമസ്ഥതയിലുള്ള ദുബൈയിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ മാൾ ഓഫ് എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് പാർക്കിൻ നിയന്ത്രണം ഏറ്റെടുക്കുന്നത്. അടുത്തവർഷം ജനുവരിമുതൽ ഇവിടങ്ങളിൽ പ്രവർത്തനം ആരംഭിക്കും.
അഞ്ച് വർഷത്തേക്കാണ് കരാർ. മൂന്നു മാളുകളിലായി 21,000 പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമാണ് പാർക്കിൻ ഏറ്റെടുക്കുന്നത്. ഇതുവഴി പ്രതിവർഷം രണ്ട് കോടിയിലധികം കാറുകൾക്ക് മാളുകളിൽ തടസ്സമില്ലാതെ പ്രവേശനം ലഭ്യമാക്കാൻ സഹായിക്കും. അതേസമയം, മാളുകളുടെ പാർക്കിങ് ഫീസ് നിരക്കിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടില്ല.
ജനുവരി ഒന്നുമുതൽ പാർക്കിങ് ഫീസിലെ നിരക്ക് വ്യത്യാസം ഉപഭോക്താക്കളെ എസ്.എം.എസ് വഴിയോ പാർക്കിൻ മൊബൈൽ ആപ് വഴിയോ അറിയിക്കും. പാർക്കിങ് ഫീസ് അടക്കുന്നതിനായി പാർക്കിനിന്റെ ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കാം.
ഉപഭോക്താക്കൾക്ക് സ്ഥിരതയുള്ളതും സുതാര്യവുമായ പാർക്കിങ് നിരക്കാണ് പാർക്കിൻ വാഗ്ദാനം ചെയ്യുന്നതെന്ന് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. നഗരത്തിൽ ഏറ്റവും തിരക്കേറിയ മാളുകളിൽ ഒന്നായ മാൾ ഓഫ് എമിറേറ്റ്സിൽ തടസ്സമില്ലാത്ത പാർക്കിങ് സൗകര്യം ലഭ്യമാക്കാൻ പുതിയ കരാർ സഹാകമാവുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മാളുകളിലും കാമറകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ സ്ഥാപിക്കുന്നതിനും അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെയും ഉത്തരവാദിത്തം പാർക്കിനായിരിക്കും.
മാളുകളിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ നമ്പർ പ്ലേറ്റുകൾ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് എത്രസമയം മാളിൽ പാർക്കു ചെയ്തുവെന്ന് കണക്കാക്കിയാണ് പണം ഈടാക്കുക. അടുത്തിടെ ഇമാർ പ്രോപ്പർട്ടീസിന്റെ ഉടമസ്ഥതയിലുള്ള ദുബൈ മാളിൽ പാർക്കിങ്ങിന്റെ നിയന്ത്രണം പാർക്കിൻ ഏറ്റെടുത്തിരുന്നു. ജൂലൈ ഒന്നുമുതൽ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.