ഇന്ത്യൻ ദമ്പതികളെ കൊന്ന പാകിസ്താനിയുടെ വധശിക്ഷ ദുബൈ അപ്പീൽ കോടതി ശരിവെച്ചു
text_fieldsദുബൈ: ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ചതിനെതിരെ പാകിസ്താൻ പൗരൻ നൽകിയ അപ്പീൽ തള്ളി. പ്രതിയുടെ വാദം കേട്ട ദുബൈ അപ്പീൽ കോടതിയാണ് ശിക്ഷ ശരിവെച്ചത്. ക്രിമിനൽ ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും തെളിവുണ്ടെന്നും വിലയിരുത്തിയാണ് കോടതി അപ്പീൽ തള്ളിയത്.
ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ പാകിസ്താനിക്കാണ് വധ ശിക്ഷ വിധിച്ചത്. അതേസമയം, പരമോന്നത കോടതി അംഗീകരിക്കുന്നത് വരെ വധശിക്ഷ അന്തിമമായിരിക്കില്ല.
2020 ജൂൺ 17ന് ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിലാണ് സംഭവം. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ഹിരൺ ആദിയയെയും വിധിയെയും മോഷണശ്രമത്തിനിടെ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി മുൻപ് ഈ വീട്ടിലെത്തിയതിന്‍റെ പരിചയത്തിലാണ് ഇയാൾ മോഷണത്തിന് പദ്ധതിയിട്ടത്.
വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിൽചാടി മുകളിലത്തെ നിലയിലൂടെ വീടിനുള്ളിൽ പ്രവേശിച്ചു. 18, 13 വയസുള്ള പെൺമക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു രക്ഷിതാക്കൾ ഉറങ്ങിയിരുന്നത്. ഇവരുടെ മുറിയിലെത്തി തെരച്ചിൽ നടത്തുന്നതിനിടെ ശബ്ദം കേട്ട് ദമ്പതികൾ ഉണർന്നു. ഇതോടെ അവരെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തിയാണ് ഇരുവരെയും പരിക്കേൽപിച്ചത്.
കരച്ചിൽകേട്ട് ഓടിയെത്തിയപ്പോഴാണ് മൂത്തമകളെയും ആക്രമിച്ചത്. പെൺകുട്ടി അലാറം മുഴക്കിയതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഷാർജയിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടി. ഹിരണിന്‍റെ തലയിലും നെഞ്ചിലും അടിവയറ്റിലും പത്ത് തവണ അടിയേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലംകൈ എന്നിവിടങ്ങളിലായി 14 തവണ മർദനമേറ്റു.
വില്ലയുടെ 500 മീറ്റർ അകലെ നിന്ന് കത്തി കണ്ടെടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുടെ ചികിത്സക്കായി പണം ആവശ്യം വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രതിയുടെ വാദം. ഇയാൾക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ദുബൈ സർക്കാർ പത്ത്വർഷത്തെ ഗോൾഡൻ വിസ നൽകിയിരുന്നു. രണ്ട് മക്കൾക്കും മരണപ്പെട്ടവരുടെ അഛനമ്മമാർക്കുമാണ് ഗോൾഡൻ വിസ നൽകിയത്. കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിന് പൂർണമായും സ്കോളർഷിപ്പും നൽകിയിരുന്നു. ദുബൈ പൊലീസും എമിഗ്രേഷൻ വിഭാഗവുമാണ് (ജി.ഡി.ആർ.എഫ്.എ) ഇതിനാവശ്യമായ സംവിധാനങ്ങൾ ഏർപെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.