ഓർമച്ചെപ്പിലേക്ക് സുവനീറുകൾ
text_fieldsകത്തെല്ലായിടത്തും ഫലസ്തീനികൾ ഓർമകളും പേറി ജീവിക്കുന്നവരാണ്. തങ്ങളുടെ നാടിനെ കുറിച്ച വിമോചനത്തിന്റെ ആശകളുമായി നടക്കുന്നവർക്ക് നാട് എന്നുമൊരു വികാരമാണ്. അതിനാലാകണം ഗ്ലോബൽ വില്ലേജിലെ മറ്റു പവലിയനുകളിൽ നിന്ന് വ്യത്യസ്തമായി, അവരുടെ പവലിയനിൽ ഗൃഹാതുരത നിറഞ്ഞ സുവനീറുകളാൽ നിറഞ്ഞത്. സമ്പൂർണ ഫലസ്തീൻ മാപ്പ് ചിത്രങ്ങൾ പതിച്ചതാണ് മിക്ക സുവനീറുകളും. ഫലസ്തീൻ ചിത്രം പതിച്ച ടീഷർട്ടുകളും പരമ്പരാഗത അറബ് തലപ്പാവായ കഫിയ്യക്കുമാണ് ഏറ്റവും കൂടുതൽ യുവാക്കളെത്തുന്നതെന്ന് പവലിയനിലെ കടക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. മിക്കവരും ഫലസ്തീനിൽ ജനിച്ചവരോ ഏതെങ്കിലും കാലത്ത് സന്ദർശിച്ചവരോ അല്ല. മറിച്ച് അവരുടെ മാതാപിതാക്കളിൽ നിന്നും മറ്റും കേട്ടറിഞ്ഞ നാടിനെ സ്നേഹിക്കുന്നവരാണ്.
മാപ്പിന്റെ മാതൃകയിലുള്ള മരത്തിൽ തീർത്ത ക്ലോക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഫലസ്തീനിലെ ഓരോ പ്രദേശങ്ങളുടെയും വിവരങ്ങൾ ചേർത്തതാണ് ഈ ക്ലോക്കുകൾ. പതാകയുടെ നിറത്തിലുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മാപ്പിന്റെ ആകൃതിയിൽ കീ ചെയിനുകൾ, മാപ്പിന്റെ ആകൃതിയിലുള്ള ലോക്കറ്റ് പതിച്ച മാലകൾ തുടങ്ങിയവയും ഇവിടെ വാങ്ങാൻ ലഭിക്കും. സ്ത്രീകളാണ് കൂടുതലായി ഇത്തരം വസ്തുക്കൾ വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു. സ്വന്തം ഭൂമിയിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളപ്പെട്ട ‘നക്ബ’ സംഭവത്തെ അനുസ്മരിച്ച് ഫലസ്തീനികൾ ‘താക്കോൽ’ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ രൂപവും ധാരാളമായി സുവനീറുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചണച്ചാക്ക് പോലുള്ള പ്രതലത്തിൽ മനോഹരമായി തുന്നിയുണ്ടാക്കിയ സുവനീറുകളും ധാരളമായുണ്ട്.
പതാകയും മാപ്പും ജറൂസലേമിലെ ഖുബ്ബത്തു സഖ്റാഇന്റെ ചിത്രങ്ങളും ഇതിൽ പതിച്ചിട്ടുണ്ട്. താമസ സ്ഥലങ്ങളിലും ഓഫീസുകളിലും തൂക്കുന്നതിനാണ് ഇവ വാങ്ങുന്നത്. ഫലസ്തീനികൾക്ക് പുറമെ മറ്റു രാജ്യക്കാരും ഇവ സ്വന്തമാക്കുന്നുണ്ടെന്ന് പവലിയനിലെ കച്ചവടക്കാരൻ പറഞ്ഞു. ഫലസ്തീനിന്റെ ചിത്രങ്ങൾക്കും വലിയ ഡിമാൻറാണുള്ളതെന്ന് തൽസമയം ചിത്രങ്ങൾ വരച്ചു നൽകുന്ന ചിത്രകാരനായ റിയാദ് അൽ ഖൈസി സാക്ഷ്യപ്പെടുത്തുന്നു. ഇറാഖുകാരനായ ഇദ്ദേഹം വർഷങ്ങളായി ഗ്ലോബൽ വില്ലേജിലെ സ്ഥിരം സാന്നിധ്യമാണ്. ഓയിൽ പെയിൻറിലാണ് ഇദ്ദേഹം ചിത്രങ്ങൾ വരക്കുന്നത്. ഫലസ്തീൻ തീമായ ചിത്രങ്ങൾക്ക് പുറമെ, പ്രകൃതിയും മൃഗങ്ങളും ഇമാറാത്തിലെ കാഴ്ചകളും വിഷയമായ ചിത്രങ്ങളുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് ഫലസ്തീനിലെ അഖ്സ പള്ളിയുടെയും ഖുബ്ബത്തു സഖ്റാഇന്റെയും ചിത്രങ്ങളാണെന്ന് അദ്ദേഹം പറയുന്നു. അതിന് കാരണം സ്വന്തം നാടിനോടുള്ള മുറിയാത്ത സ്നേഹമാണെന്നും റിയാദ് അൽ ഖൈസി നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.