പാലിയേറ്റിവ് കെയർ കോൺഫറൻസിന് അബൂദബിയിൽ തുടക്കം
text_fieldsഅബൂദബി: സാന്ത്വന പരിചരണത്തിന്റെ അനിവാര്യത വ്യക്തമാക്കി യു.എ.ഇയിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബൂദബിയിൽ തുടങ്ങി. ഇന്ത്യയിലെ പാലിയേറ്റിവ് കെയറിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം.ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ധർ പങ്കെടുത്തു. ബുർജീൽ ഹോൾഡിങ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈനിലൂടെയുമായി പങ്കെടുക്കുന്നത് 3500 പ്രതിനിധികളാണ്.
മരണമടുക്കുമ്പോൾ, അല്ലെങ്കിൽ ചികിത്സകൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ചിന്ത സമൂഹത്തിലുണ്ടെന്ന് എം.ആർ. രാജഗോപാൽ പറഞ്ഞു. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾതന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകിത്തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റിവ് കെയറിന്റെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിന്റെ ആവശ്യം എപ്പോഴാണ് വരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റിവ് കെയർ സെന്റർ സ്ഥാപിക്കാനുള്ള ബുർജീലിന്റെ ലക്ഷ്യം കോൺഫറൻസ് അധ്യക്ഷനും ഹോസ്പിസ് ആൻഡ് പാലിയേറ്റിവ് മെഡിസിൻ കൺസൽട്ടന്റുമായ ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.
ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർമാനുമായ സോസൻ ജാഫർ, ബുർജീൽ ഹോൾഡിങ്സ് സി.ഇ.ഒ ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ പ്രഫ. ഹുമൈദ് അൽ ശംസി എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.