പാം ജബൽ അലി പദ്ധതി; ദുബൈ വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ കരുത്താകും
text_fieldsകടലിൽ മനുഷ്യ നിർമിത ദ്വീപ് എന്നത് ദുബൈക്ക് പുതിയ കഥയല്ല. എന്നാൽ നിലവിലുള്ളതിൽ നിന്നും എല്ലാംകൊണ്ടും വ്യത്യസ്തതകളും ആഡംബരങ്ങൾ നിറഞ്ഞതും ഇരട്ടി വലുപ്പമുള്ളതുമായിരിക്കും അടുത്തിടെ പ്രഖ്യാപിച്ച പാം ജബൽ അലി ദ്വീപ് വികസന പദ്ധതിയെന്നാണ് വിലയിരുത്തൽ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ പുതിയ ശ്രദ്ധാകേന്ദ്രമായി മാറുന്ന തരത്തിലായിരിക്കും പാം ജബൽ അലിയുടെ നിർമാണം. അറേബ്യയുടെ അടയാളമായ
ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമ ദ്വീപുകളായ പാം ജുമേറക്കും പാം ദേര ക്കും പിന്നാലെയാണ് പാം ജബൽ അലിയുടെ വികസന മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള പുതിയ കൃത്രിമ ദ്വീപ് വികസനത്തിന് അടുത്തിടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആ മക്തൂം പ്രഖ്യാപിച്ചത്.
13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് വികസിപ്പിച്ചെടുക്കുക. നിലവിൽ ദുബൈയിലെ ആഡംബര കേന്ദ്രങ്ങളിലൊന്നാണ് പാം ജുമേറ. പാം ജുമേറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടി കണക്കിലെടുത്താണ് പാം ജബൽ അലിയുടെ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
വിശാലമായ ഹരിത ഇടങ്ങളും ആകർഷകങ്ങളായ വെള്ളച്ചാട്ടങ്ങളും പാം ജബൽ അലിയിൽ ഉണ്ടാകും. പ്രമുഖ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീൽ ആണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയിലൂടെ ഏകദേശം 110 കിലോമീറ്റര്‍ തീരപ്രദേശം ദുബൈക്ക് കൂട്ടിച്ചേര്‍ക്കാനാകും . ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളോടും താമസിക്കാൻ കഴിയുന്ന ബീച്ച് സൈഡ് ആഡംബരനിർമിതികളാണ് ഇവിടെ വരാനിരിക്കുന്നത്.
എൺപതിലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയുടെ ഭാഗമാണ്. 2033 ഓടെ എമറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതി. പോയ വർഷത്തെ മാന്ദ്യത്തിൽ നിന്ന് മറികടന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലയും വാടകയും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുടെ പുനരുജ്ജീവനം. റിയൽ എസ്റ്റേറ് മേഖലയിലെ ഉണർവ് പദ്ധതിക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ ഉൾപ്പെടെ സുസ്ഥിരത കണക്കിലെടുത്താണ് പദ്ധതിയുടെ രൂപകൽപന.
പാം ജബൽ അലിയുടെ ഊർജാവശ്യത്തിന്റെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. വിശാലമായ വാക്ക് വേകള്‍, സ്മാര്‍ട്ട് സിറ്റി സാങ്കേതികവിദ്യകള്‍, സുസ്ഥിരത ഉറപ്പുവരുത്തുന്ന മറ്റു സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കമ്യൂണിറ്റികള്‍ക്കും വൈവിധ്യമാര്‍ന്ന യാത്രാ ഓപ്ഷനുകള്‍ നല്‍കും.
വാട്ടർഫ്രണ്ട് ലിവിങ്ങിൽ ആഗോള മാനദണ്ഡം ഉയർത്തുന്ന ഒന്നായിരിക്കും പാം ജബൽ അലിയെന്നാണ് വിലയിരുത്തൽ. ദുബൈ സാമ്പത്തിക അജൻഡ ഡി 33 യുടെ ലക്ഷ്യത്തെ പിന്തുണച്ച് ടൂറിസം- ബിസിനസ് രംഗത്ത് ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നെന്ന പദവി പദ്ധതിയുടെ വരവോടെ ദുബൈ ഉറപ്പിക്കും.110 കിലോ മീറ്റർ നീളത്തിൽ യു.എ.ഇയിലെ പൊതു ബീച്ചുകൾ നാനൂറ് ശതമാനം വർധിപ്പിക്കാനുള്ള നഗരവികസന പദ്ധതിയും കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് ജബൽ അലിയിൽ പ്രഖ്യാപിച്ചിരുന്നു.
2003ൽ ആണ് പാം ജബൽ അലി പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഡൗൺ ടൗണിൽ നിന്ന് 50 കിലോമീറ്റർ അകലെ വിഭാവനം ചെയ്ത പദ്ധതി പിന്നീട് ആഗോള മാന്ദ്യത്തെ തുടർന്ന് 2008ൽ നിർത്തിവെക്കുകയായിരുന്നു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിൽ പാം ജബൽ അലിക്കു പുറമെ ഒട്ടേറെ വികസന പദ്ധതികൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. പ്രകൃതിയെയും പച്ചപ്പിനെയും നിലനിർത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമെന്നതിനാൽ ദുബൈ എമിറേറ്റിലെ 60 ശതമാനവും പ്രകൃതി സംരക്ഷണ മേഖലകളാക്കി മാറ്റും.
സാമ്പത്തിക, വിനോദ, വിജ്ഞാന, ടൂറിസം മേഖലകളുടെ ശേഷി പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ദുബൈയിലെ അഞ്ചു പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗരകേന്ദ്രങ്ങൾ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.