പാം അക്ഷരതൂലിക കഥാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsപാം അക്ഷരതൂലിക കഥാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചുഅജ്മാൻ: പാം സാഹിത്യ സഹകരണ സംഘം (കൊല്ലം) പാം പുസ്തകപ്പുരയുടെ 2020ലെ കഥാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോയ് ഡാനിയൽ രചിച്ച 'റിഡൻഡൻസി' എന്ന കഥക്കാണ് ഒന്നാം സ്ഥാനം. അനൂപ് കുമ്പനാട് എഴുതിയ 'ബ്ലൂ മെർലിൻ' രണ്ടാം സ്ഥാനവും, ബഷീർ മുളിവയൽ എഴുതിയ 'ചിന്നൻ' മൂന്നാം സ്ഥാനവും നേടി. നോവലിസ്റ്റും കഥാകൃത്തുമായ ടി.കെ ശങ്കരനാരായണൻ ജൂറി ചെയർമാനായ പുരസ്കാര കമ്മിറ്റിയിൽ മലയാളം അധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീൺ പാലിക്കൽ എന്നിവർ അംഗങ്ങളായിരുന്നു.
പത്തനംതിട്ട കൂടൽ സ്വദേശിയാണ് ജോയ് ഡാനിയൽ. കഥാകൃത്ത്, കോളമിസ്റ്റ്. മഷി കൂട്ടായ്‌മയുടെ 'ഖിസ'എന്ന കഥാസമാഹാരത്തിെൻറ എഡിറ്ററാണ്.
ദുബൈയിൽ സ്വകാര്യകമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്ററാണ്. ഭാര്യ: ബിന്ദു, മകൾ: ദിയ. പത്തനംതിട്ട കുമ്പനാട് സ്വദേശിയാണ് അനൂപ്. ദുബൈ സീമെൻസിൽ ഫീൽഡ് സർവിസ് പ്രോജക്ട് മാനേജറാണ്. 2011ൽ മികച്ച ചെറുകഥക്കുള്ള പാറപ്പുറത്ത് പുരസ്കാരം ലഭിച്ചിട്ടുണ്ട്. അനൂപിെൻറ 'രണ്ടു സാധാരണ പെൺകുട്ടികളുടെ അസാധാരണ കഥകൾ' എന്ന കഥാസമാഹാരം ഫാബിയൻ ബുക്‌സും 'ഈ മഴ തോരാതിരുന്നെങ്കിൽ' എന്ന കഥാസമാഹാരം കൈരളി ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനൂപ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'കൊയ്ത്ത്' എന്ന ഹ്രസ്വചിത്രം അക്കാഫ് മികച്ച ചിത്രമായി തിരഞ്ഞെടുത്തിട്ടുണ്ട്.
നിരവധി ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട് .ഭാര്യ: നിഷ. മക്കൾ: ഹൃദ്യ, ആർദ്ര. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിയാണ് ബഷീർ മുളിവയൽ കഴിഞ്ഞ 27 വർഷമായി ദുബൈയിൽ ജോലിചെയ്യുന്നു. സാഹിത്യ പ്രവർത്തനത്തിന് എൻ. മൊയ്തു മാസ്റ്റർ അവാർഡ്, യുവ കലാസാഹിതി ഷാർജ സി.കെ. ചന്ദ്രപ്പൻ സാഹിത്യപുരസ്‌കാരം (കവിത) എന്നിവ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.