മ്യൂസിക് തെറപ്പിയിലെ പപ്പേട്ടൻ സ്റ്റൈൽ
text_fieldsഉള്ളു നീറുന്നവർക്ക് ശുദ്ധ സംഗീതത്തിന്റെ സാന്ത്വന ചികിത്സയുമായി പ്രവാസ ലോകത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് പത്മനാഭൻ എന്ന പപ്പേട്ടൻ. വയലിൻ ഉപയോഗിച്ച് മ്യൂസിക് തെറപ്പിയിലൂടെ മാനസിക സംഘർഷം നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുകയാണിദ്ദേഹം.
കേരളത്തിൽ പരപ്പനങ്ങാടി സ്വദേശിയായ പത്മനാഭൻ വയലിൻ സംഗീതവുമായി പ്രവാസികളുടെ ഹൃദയത്തിന്റെ ഭാഗമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയാവുകയാണ്. ആത്മസംഘർഷം നേരിടുന്നവർക്ക് ആധുനിക വൈദ്യശാസ്ത്രം കൽപിച്ചു നൽകുന്ന മരുന്നുകളേക്കാൾ പത്മനാഭന്റെ സംഗീതമാണ് പഥ്യം. വിത്യസ്തമായ സിംഫണികളുടെ മാന്ത്രിക സ്പർശം കൊണ്ടാണ് ഇദ്ദേഹം സംഘർഷ മനസുകളെ ശാന്തമാക്കുന്നത്.
തന്റെ മുന്നിലെത്തുന്ന സ്വദേശികൾക്കും പാശ്ചാത്യർക്കും അനുയോജ്യമായ അനേകം സിംഫണികളാണ് ഇദ്ദേഹം എഴുതുക. രോഗിയുടെ പ്രായവും സ്വഭാവവും അനുസരിച്ച് സിംഫണികളുടെ രൂപവും ഭാവവും മാറും. ഇങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി 3000ത്തിലധികം സിംഫണികൾ രചിച്ചുകഴിഞ്ഞു. പാശ്ചാത്യ, പൗരസ്ത്യ രീതികളെല്ലാം ഇതിൽ ഉൾപ്പെടും. ‘ഹാർമണി ഓഫ് രാജ’ എന്ന പേരിൽ ഈ സിംഫണികളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീത കുടുംബത്തിന്റെ പിന്തുണയാണ് വേറിട്ട വഴി സ്വീകരിക്കാൻ പത്മനാഭന് പ്രചോദനമായത്.
ശുദ്ധ സംഗീതത്തിന്റെ അലയൊലികൾ നിറഞ്ഞു നിന്ന കുടുംബാന്തരീക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പിതാവ് കുഞ്ഞപ്പനാശാൻ സംഗീത അധ്യാപകനായിരുന്നു. ഏഴാം വയസ്സിൽ ആണ് സംഗീതം പഠിച്ചു തുടങ്ങിയത്. 17ാം വയസ്സിൽ വയലിനോടുള്ള ഭ്രമം മനസിൽ മുളപൊട്ടിയതോടെ ഉപകരണ സംഗീതത്തിലേക്ക് വഴി മാറി. പ്രശസ്ത വയലിനിസ്റ്റായ മുഹമ്മദ് സാ ആയിരുന്നു ആദ്യ ഗുരു. വയലിൻ പഠനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു.
ശിഷ്യന്റെ അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ മുഹമ്മദ് സാ ആണ് ഇദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിൻസന്റ് മാഷിന്റെ അടുത്തേക്ക് പത്മനാഭനെ പറഞ്ഞുവിടുന്നത്. കുറച്ചു കാലം അവിടെയും പഠനം തുടർന്നു. പിന്നീടാണ് കർണാടിക് സ്റ്റൈൽ പഠിക്കാൻ ആകാശവാണിയിലെ ടി.എച്ച് ലളിതയുടെ അടുത്തേക്ക് പോകുന്നത്. അവിടെ നിന്ന് ലെസ്ലി പീറ്റർ എന്ന ഗുരുവിന്റെ അടുത്തെത്തിയതോടെയാണ് സംഗീതത്തിന്റെ പുതു വഴികൾ സ്വായത്തമാക്കിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മ്യൂസിക് തെറാപ്പിസ്റ്റായി കുറച്ചു കാലം ജോലി ചെയ്തു. ഇവിടെ വെച്ച് ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട് തുടങ്ങി 20ഓളം രാജ്യങ്ങളിലെ പൗരൻമാർക്കായി വയലിൻ ഉപയോഗിച്ച് മ്യൂസിക് തെറാപ്പി നടത്തി. 2011ൽ ആണ് പ്രവാസത്തിന്റെ തുടക്കം. യു.എ.ഇയിൽ എത്തിയ പത്മനാഭന്റെ സംഗീതം വൈകാതെ പ്രവാസികളുടെ മനസിൽ ഇടം പിടിച്ചു. പിന്നീടുള്ള യാത്രകൾ സംഗീത സാന്ദ്രമായിരുന്നു.
ഓരോ രോഗിയും സ്വസ്ഥമായി ഉറങ്ങുന്നതും നഷ്ടപ്പെട്ടുപോയ മനസിന്റെ താളം തിരികെപിടിക്കുന്നതും കാണുന്നതാണ് പത്മനാഭന്റെ ഏറ്റവും വലിയ സമ്പാദ്യം. ദക്ഷിണയായിട്ട് അവരുടെ ഉള്ള് അറിഞ്ഞുള്ള ചിരി മാത്രം മതി. മനസിന്റെ താളം തെറ്റുന്നവരുടെ വിളികൾക്ക് കാതോർത്ത് തന്റെ വയലിനുമായി പത്മനാഭന്റെ മണലാരണ്യത്തിലൂടെ യാത്ര തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.