മാതാപിതാക്കൾ പിരിഞ്ഞു; ഭിക്ഷാടനത്തിനിറങ്ങിയ 14കാരനെ പൊലീസ് രക്ഷിച്ചു
text_fieldsദുബൈ: കുടുംബപ്രശ്നത്തെ തുടർന്ന് മാതാപിതാക്കൾ വേർപിരിഞ്ഞതോടെ വീടുവിട്ടിറങ്ങി ഭിക്ഷാടനം നടത്തിയ 14കാരന് രക്ഷകരായി ദുബൈ പൊലീസ്.
എമിറേറ്റിലെ ഒരു പള്ളിക്ക് സമീപം യാചന നടത്തുന്ന കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ മാതാപിതാക്കൾ വേർപിരിയുകയും പിതാവ് പുനർവിവാഹിതനാവുകയും ചെയ്തതോടെ വീടുവിട്ടിറങ്ങിയതാണെന്ന് വ്യക്തമാവുകയായിരുന്നു. താമസക്കാർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് കുട്ടി യാചന നടത്തുന്നത് കണ്ടെത്തിയത്. കുട്ടി ഏതു രാജ്യക്കാരനാണെന്നും മറ്റു വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസ് കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടി മാതാവിനൊപ്പം കഴിയുന്നതിന് രക്ഷിതാക്കൾ തമ്മിൽ ധാരണയിലെത്തുകയും ചെയ്തു. 14കാരന്റെ ജീവിതത്തിന് പുതിയ തുടക്കം സമ്മാനിക്കുന്നതായിരുന്നു തീരുമാനമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. അലി സാലിം അൽ ശംസി പറഞ്ഞു. രക്ഷിതാക്കൾ മക്കളുടെ ക്ഷേമം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്നും കുടുംബകലഹങ്ങൾ അവരുടെ സാന്നിധ്യത്തിലല്ലാതെ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതോടൊപ്പം യാചകരോട് അനുകമ്പ കാണിക്കരുതെന്നും പണം നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.
റമദാനിലെ ഭിക്ഷാടന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് നടത്തിയ നീക്കത്തിൽ രണ്ടാഴ്ചക്കിടെ വിവിധയിടങ്ങളിൽ നിന്ന് 202പേർ പിടിയിലായിട്ടുണ്ട്.
ഇവരിൽ ഭൂരിഭാഗം പേരും എത്തിയത് സന്ദർശന വിസയിലാണെന്നും റമദാനിൽ ജനങ്ങളുടെ അനുകമ്പ മുതലെടുത്ത് വേഗത്തിൽ പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.