പാരിസ് ഒളിമ്പിക്സ്: യു.എസ് ബാസ്കറ്റ് ബാൾ ടീം അബൂദബിയിൽ
text_fieldsഅബൂദബി: പാരിസ് ഒളിമ്പിക്സിനായുള്ള അവസാന ഘട്ട പരിശീലന മത്സരങ്ങൾക്കായി യു.എസിന്റെ ദേശീയ പുരുഷ ബാസ്കറ്റ് ബാൾ ടീം അബൂദബിയിലെത്തി. പ്രമുഖ താരങ്ങളായ സ്റ്റീഫൻ കറി, ലെബോൺ ജയിംസ് എന്നിവർക്കൊപ്പം ഹെഡ് കോച്ച് സ്റ്റീവ് കെർ ഉൾപ്പെടുന്ന ടീമാണ് അവസാന ഘട്ട പരിശീലനത്തിനായി രാജ്യ തലസ്ഥാനത്ത് എത്തിയത്.
സാംസ്കാരിക, ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചാണ് ലോകത്തെ ഏറ്റവും പ്രമുഖ ബാസ്കറ്റ് ബാൾ ടീം അബൂദബിയിലെത്തുന്നത്. തിങ്കളാഴ്ച അബൂദബിയിലെത്തിയ ടീമിനെ സാംസ്കാരിക, ടൂറിസം ഡിപ്പാർട്മെന്റ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് സ്വീകരിച്ചു.
പരിശീലനത്തിനായി സൗകര്യം ഒരുക്കിയിരിക്കുന്നത് യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിലാണ്. പരിശീലനത്തിന്റെ ഭാഗമായി വിവിധ ടീമുകളുമായി സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച ആസ്ട്രേലിയയുമായി സൗഹൃദ മത്സരത്തിലും യു.എസ് ടീം പങ്കെടുത്തു. ജൂലൈ 17ന് സെർബിയയുമായാണ് അടുത്ത മത്സരം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബാസ്കറ്റ് ബാൾ പരിശീലനത്തിനായി യാസ് ഐലൻഡിൽ അബൂദബി സാംസ്കാരിക ടൂറിസം ഡിപ്പാർട്മെന്റ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരിസ് സമ്മർ ഒളിമ്പിക്സ്. ഇതിന് മുന്നോടിയായി ലോകത്തെ പല പ്രമുഖ ബാസ്കറ്റ് ബാൾ ടീമുകളും പരിശീലനത്തിനായി യു.എ.ഇയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.