മസ്ദര്‍ സിറ്റിയില്‍ വമ്പൻ പാർക്ക് തുറന്നു
text_fieldsഅബൂദബി: അബൂദബി മസ്ദര്‍ സിറ്റിയില്‍ വിപുലമായ സൗകര്യങ്ങളുമായി കമ്യൂണിറ്റി പാര്‍ക്ക് തുറന്നു. 20 ഹെക്ടറിലാണ് ‘മസ്ദർ’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ക്ക് നിർമിച്ചിരിക്കുന്നത്. പുല്‍ത്തകിടി, കളിക്കളങ്ങള്‍, ഓടാനും സൈക്കിളോടിക്കാനുമുള്ള ട്രാക്കുകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.
നവീന കണ്ടെത്തലുകളുടെയും സുസ്ഥിരതയുടെയും ഹബ്ബായ മസ്ദര്‍ സിറ്റിയിലെ ഏറ്റവും വലിയ പദ്ധതികളൊന്നുകൂടിയാണ് മസ്ദര്‍ പാര്‍ക്ക്. വോളിബാള്‍, ബാഡ്മിന്റണ്‍, പെഡല്‍ ബാള്‍, ബാസ്കറ്റ് ബാള്‍ എന്നിവക്ക് പുറമേ അഞ്ചു കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ട്രാക്കും ഓടുന്നതിനുള്ള ട്രാക്കും സൈക്കിളോട്ടത്തിനുള്ള പ്രത്യേക ട്രാക്കായ പമ്പ് ട്രാക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുനരുപയോഗ വസ്തുക്കളാണ് പാര്‍ക്കിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 340 സൗരോര്‍ജ പാനലുകൾ പാര്ക്കിന് ഊര്‍ജം പകരും.
പ്രതിവര്‍ഷം 300 മെഗാവാട്ട് ഊര്‍ജം ഉൽപാദിപ്പിക്കാന് സൗരോര്‍ജ പാനലുകളിലൂടെ കഴിയും. വിപുലമായ പരിപാടികളോടെയായിരുന്നു പാര്‍ക്കിന്റെ ഉദ്ഘാടനം. ഹരിത സര്‍ക്കസ് പ്രകടനം, വെളിച്ച വിന്യാസം, ശില്പശാലകള്, സന്ദര്‍ശകര്‍ക്കായി ഭക്ഷ്യശാലകള്‍ മുതലായവ ഉദ്ഘാടന വേളയിലുണ്ടായിരുന്നു. മസ്ദര്‍ സിറ്റി ഫ്രീ സോണില്‍ അന്താരാഷ്ട്ര ഏജന്‍സികളും സാങ്കേതിക സ്ഥാപനങ്ങളുമടക്കം ആയിരത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതിക വിദ്യകളിലധിഷ്ഠിത നഗരനിര്മാണത്തിനായാണ് ഈ സ്ഥാപനങ്ങളൊക്കെയും പ്രവര്‍ത്തിക്കുന്നതെന്ന് മസ്ദര്‍ സിറ്റിയുടെ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബറയ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.