അബൂദബിയിലെ പാർക്കിങ്, ടോൾഗേറ്റ് നിയന്ത്രണം ക്യൂ മൊബിലിറ്റിക്ക്
text_fieldsഅബൂദബി: ദുബൈയിൽ ടോൾ ഗേറ്റുകൾ നിയന്ത്രിക്കാൻ സാലിക് കമ്പനി സ്ഥാപിച്ച പോലെ അബൂദബിയിലെ ടോള്‍ ഗേറ്റും (ദര്‍ബ്) പാര്‍ക്കിങ്ങും (മവാഖിഫ്) നിയന്ത്രിക്കാന്‍ ക്യൂ മൊബിലിറ്റി എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചു. ടോള്‍, പാര്‍ക്കിങ് എന്നിവയുടെ നടത്തിപ്പ്, പ്രവര്‍ത്തനം, വികസനം എന്നിവയുടെ നിയന്ത്രണം ഇനി ക്യൂ മൊബിലിറ്റിക്കായിരിക്കും.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയായ എ.ഡി.ക്യൂവിന്റെ ഭാഗമാണ് ക്യൂ മൊബിലിറ്റി. അബൂദബി വിമാനത്താവളങ്ങള്‍, അബൂദബി പോര്‍ട്സ് ഗ്രൂപ്, ഇത്തിഹാദ് എയര്‍വെയ്സ്, വിസ് എയര്‍ അബൂദബി, ഇത്തിഹാദ് റെയില്‍ എന്നിവയുടെ ഗതാഗത, ലോജിസ്റ്റിക്സ് ചുമതല എ.ഡി.ക്യൂവിനാണ്. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ (അബൂദബി മൊബിലിറ്റി) കീഴിലാണ് ക്യൂ മൊബിലിറ്റി പ്രവര്‍ത്തിക്കുക. മികച്ചതും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറക്കാനും ലക്ഷ്യമിട്ട് 2021ലാണ് ഡാര്‍ബ് ടോള്‍ ആരംഭിച്ചത്. നിലവില്‍ എട്ട് ഗേറ്റുകളാണ് ഡാര്‍ബ് ടോളിനുള്ളത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതു പാര്‍ക്കിങ് സംവിധാനം കാര്യക്ഷമമാക്കാന്‍ 2009ലാണ് മവാഖിഫ് സ്ഥാപിച്ചത്. മവാഖിഫ് സംവിധാനം പൂർണമായും ഡിജിറ്റൽവത്കരിച്ചിട്ടുണ്ട്. ഇതുവഴി മൊബൈൽ ഫോൺ ഉപയോഗിച്ച് പേമെന്റ് നടത്തുന്നതിനും ദർബ് സ്മാർട്ട് ആപ്ലിക്കേഷനുമായി സംയോജിപ്പിക്കുന്നതിനും സാധിക്കും.
അതേസമയം, ഈ മാറ്റം എമിറേറ്റിലെ ടോൾ ഗേറ്റുകളുടെയും പാർക്കിങ് സംവിധാനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കില്ലെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും തടസ്സമില്ലാത്ത സേവനവും ഉറപ്പുവരുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി) എ.ഡി.ക്യൂയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. മുനിസിപ്പാലിറ്റി, ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ മേൽനോട്ടത്തിലായിരിക്കും ക്യൂ മൊബിലിറ്റി പ്രവർത്തിക്കുക.
മവാഖിഫ് സംവിധാനത്തിനു കീഴിലുള്ള പൊതു പാര്‍ക്കിങ് മേഖലകളില്‍ രാവിലെ എട്ടുമുതല്‍ പുലര്‍ച്ച 12 വരെയാണ് പെയ്ഡ് പാര്‍ക്കിങ് സൗകര്യമുള്ളത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഇവിടെ പാര്‍ക്കിങ് സൗജന്യമാണ്. പ്രീമിയം (വെള്ളയും നീലയും), സ്റ്റാന്‍ഡേര്‍ഡ് (കറുപ്പും നീലയും)എന്നിങ്ങനെ രണ്ടുതരം പാര്‍ക്കിങ് ആണ് നിലവിലുള്ളത്. പ്രീമിയം കാറ്റഗറിയില്‍ മണിക്കൂറില്‍ മൂന്ന് ദിര്‍ഹമാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.