ഗസ്സ ഭരണത്തിലെ പങ്കാളിത്തം; നെതന്യാഹുവിന്റെ പ്രസ്താവന തള്ളി യു.എ.ഇ
text_fieldsദുബൈ: ഗസ്സയിലെ സിവിൽ ഭരണകൂടത്തിൽ പങ്കാളികളാകാൻ ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രിക്ക് നിയമപരമായ യാതൊരു അധികാരവുമില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി. ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിദേശകാര്യ മന്ത്രി യു.എ.ഇ നിലപാട് വ്യക്തമാക്കിയത്. ഗസ്സയിൽ ഇസ്രായേലിന്റെ നടപടികളെ അംഗീകരിച്ചുള്ള ഏതെങ്കിലും പദ്ധതിയോട് സഹകരിക്കാൻ യു.എ.ഇ ആഗ്രഹിക്കുന്നില്ല.
അതേസമയം, ഫലസ്തീൻ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്ന ഫലസ്തീൻ സർക്കാറിനെ പിന്തുണക്കാനാണ് യു.എ.ഇയുടെ താൽപര്യം. അതിൽ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും ഉൾപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും ഗസ്സ മുനമ്പിലെ സർക്കാറിൽ പങ്കാളികളാകണമെന്ന് ബിന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീനിന്റെ സ്വാതന്ത്ര്യമെന്ന ആശയത്തെ നെതന്യാഹു മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിയതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം യുദ്ധത്തിന് ശേഷവും ഫലസ്തീനിൽ സുരക്ഷ നിയന്ത്രണം തുടരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി സ്വതന്ത്രരാഷ്ടം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫലസ്തീൻ ജനത. ഗസ്സ മുനമ്പിലേക്ക് സഹായമെത്തിക്കാൻ നയതന്ത്ര അനുമതിയുണ്ടെങ്കിലും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിലും മരണസംഖ്യ ഉയരുന്നതിലും യു.എ.ഇ ഇസ്രായേലിനെ നിരന്തരം വിമർശിച്ചിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.