യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന്; ആശങ്ക അറിയിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ
text_fieldsഷാർജ: യാത്രക്കാരുടെ വിവരങ്ങൾ വിമാനക്കമ്പനികൾ ഇന്ത്യൻ കസ്റ്റംസിന് കൈമാറണമെന്ന നിർദേശം പ്രവാസികളെ ബാധിക്കുമെന്ന ആശങ്ക കേന്ദ്രമന്ത്രി ജയശങ്കറിനെ അറിയിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ. പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിലുള്ള അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളാണ് ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ചടങ്ങിനിടെ മന്ത്രി ജയശങ്കറിനെ പ്രവാസികളുടെ ആശങ്ക അറിയിച്ചത്. പ്രവാസികളുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങൾ നേരത്തേ കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കേന്ദ്രനിയമത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്തു.
അസോസിയേഷൻ ഉന്നയിക്കുന്ന ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ജയശങ്കർ അറിയിച്ചതായി അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരുടെ വിവരങ്ങൾ വിമാനക്കമ്പനികൾ ഇന്ത്യൻ കസ്റ്റംസിന് കൈമാറണമെന്ന നിർദേശം ഏപ്രിൽ ഒന്നു മുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. നിർദേശം പാലിക്കാത്ത കമ്പനികൾക്ക് കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. ജനുവരി 10നകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ നോട്ടീസിൽ നിർദേശിച്ചിരുന്നു.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പാണ് യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറേണ്ടത്. ട്രാൻസിറ്റ് യാത്രക്കാരുടേത് അടക്കമുള്ള വിവരങ്ങൾ അറിയിക്കണം. യാത്രക്കാരന്റെ പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, യാത്രക്കായി ഉപയോഗിച്ച പേമെന്റ് സംവിധാനം, പി.എൻ.ആർ നമ്പർ, ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി, ബാഗേജ് തുടങ്ങിയ വിവരങ്ങളെല്ലാം കസ്റ്റംസ് ആവശ്യപ്പെട്ടവയിലുണ്ട്. വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ ചട്ടങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.