യാത്രക്കാർ എത്തുന്നു; നിരക്ക് കൂടി
text_fieldsദുബൈ: റസിഡൻറ് വിസക്ക് പിന്നാലെ സന്ദർശക വിസക്കാരുടെയും വരവ് തുടങ്ങിയതോടെ നാട്ടിൽനിന്ന് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ഈ ആഴ്ച 500 ദിർഹമിന് ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇരട്ടിയായി ഉയർന്നു. അവധിക്കാലം കഴിയുേമ്പാൾ സാധാരണരീതിയിൽ ടിക്കറ്റ് നിരക്ക് കുറയുകയാണ് പതിവ്. എന്നാൽ, നാട്ടിൽ കുടുങ്ങിയവർ തിരികെയെത്താൻ തുടങ്ങിയതോടെ വിമാനക്കമ്പനികൾ മുതലെടുക്കുകയാണ്. എത്ര തുക മുടക്കിയും യാത്രക്കാർ വരാൻ തയാറാകുമെന്നതാണ് വിമാനക്കമ്പനികളുടെ കൊള്ളക്ക് കാരണം.
ഇതിന് പുറമെ ആർ.ടി.പി.സി.ആർ പരിശോധനയും റാപിഡ് പി.സി.ആർ പരിശോധനയും മൂലം 3000- 4000 രൂപ വേറെയും ചെലവ് വരുന്നു.അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യാത്രാവിലക്ക് നീട്ടിയതോടെ ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നുവെന്ന്് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഏവിയേഷൻ സെക്യൂരിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല ലെൻഗാവി പറഞ്ഞു.
കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് വൈകാതെ ദുബൈ വിമാനത്താവളം തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയെ യു.കെ റെഡ് ലിസ്റ്റിൽ നിന്നൊഴിവാക്കിയതും തുണയായി. അബൂദബിയുടെ ഗ്രീൻലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയതും യാത്രക്കാരെ ആകർഷിക്കുന്നു. ടൂറിസം സീസൺ തുടങ്ങുന്നതിനാൽ ഈ മാസം റെക്കോഡ് യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ യാത്രികർ എത്തിയ ലോകത്തിലെ രണ്ടാമത്തെ വിമാനത്താവളം ദുബൈ ആയിരുന്നു. 25 ലക്ഷം യാത്രികരുമായി ആംസ്റ്റർഡാം ഒന്നാമതെത്തിയപ്പോൾ 23 ലക്ഷം യാത്രക്കാരുമായാണ് ദുബൈ രണ്ടാം സ്ഥാനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.