യാത്രക്കാർ ഒഴുകും: മുൻകരുതലെടുക്കണമെന്ന് എയർലൈനുകൾ
text_fieldsദുബൈ: പെരുന്നാൾ അവധിക്കാലം മുൻനിർത്തി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്നും യാത്രക്കാർ മുൻകരുതലെടുക്കണമെന്നുമുള്ള അറിയിപ്പുമായി എയർലൈനുകൾ.
കോവിഡ് എത്തിയ ശേഷം ഏറ്റവും കൂടുതൽ തിരക്കുണ്ടാവുന്ന പെരുന്നാളായിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ 30 മുതൽ മേയ് എട്ടു വരെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ പൊതുമേഖലയിൽ ഒമ്പത് ദിവസമാണ് പെരുന്നാൾ അവധി. അതിനാൽ, ദുബൈയിലേക്ക് എത്തുന്നവരും ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നവരും കൂടുതലായിരിക്കും. സ്വകാര്യ മേഖലയിൽ നാലോ അഞ്ചോ ദിവസം അവധിയുണ്ട്.
ചെക്ക് ഇൻ ചെയ്യാൻ എത്തുന്നതിന് മുമ്പ് യാത്രക്കാർ രേഖകൾ എല്ലാം കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകൾ 24 മണിക്കൂർ മുമ്പേ തുറക്കും. ഓൺലൈൻ ചെക്ക് ഇൻ ചെയ്യാനും ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുമുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്.
ഇത് പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറക്കണം. യു.എസിലേക്ക് പോകുന്നവർക്കായി 12 മണിക്കൂർ മുമ്പ് ചെക്ക് ഇൻ കൗണ്ടറുകൾ തുറക്കും.
വടക്കൻ എമിറേറ്റ്സിൽ നിന്നെത്തുന്നവർക്ക് അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള സമയത്ത് ഇവിടെയെത്തി ചെക്ക് ഇൻ ചെയ്യാം. ഇവർക്ക് യാത്രക്ക് ഒരുമണിക്കൂറിന് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.