ശാസ്ത്രം പുരോഗതിയിലേക്കുള്ള പാത -ശൈഖ് സുൽത്താൻ
text_fieldsഷാർജ: ശാസ്ത്രവും അതിന്‍റെ അടിത്തറകളുമാണ് പുരോഗതി കൈവരിക്കാനുള്ള വഴിയെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിൽ ഉടനീളം വിജ്ഞാന വ്യാപനം ലക്ഷ്യംവെച്ച് സർവകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന്‍റെ പ്രചോദനം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖോർഫക്കാൻ സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിലാണ് ശൈഖ് സുൽത്താൻ ഇക്കാര്യം പ്രസ്താവിച്ചത്. ഖോർഫക്കാൻ സർവകലാശാലയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഷാർജ എമിറേറ്റിലെ വിദ്യാഭ്യാസ പ്രക്രിയയിൽ പുതിയതും വിശിഷ്ടവുമായ ഒരു ഘട്ടത്തിന്‍റെ തുടക്കമാണിത്. വിദ്യാഭ്യാസവും ശാസ്ത്ര ഗവേഷണവും സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത ഇവിടെയുണ്ട്. ഖോർഫക്കാൻ സമുദ്ര മേഖലയാണ്. അതിനാലാണ് മറൈൻ സയൻസസ് മേഖലയിൽ ബാച്ചിലർ പ്രോഗ്രാമുകൾ ചേർത്തത് -ശൈഖ് സുൽത്താൻ വ്യക്തമാക്കി.
കൽബ സർവകലാശാല അടുത്തവർഷം തുറക്കുമെന്നും അവിടെ വന്യജീവി പഠനം ഉൾപ്പെടുത്തുമെന്നും കൽബ സെന്‍റർ ഫോർ സുവോളജി റിസർച്ചുമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുകൂടാതെ ദൈദ് സർവകലാശാല രണ്ടാമത്തെ വർഷത്തിൽ തുറക്കുമെന്നും കാർഷിക മേഖല കേന്ദ്രീകരിച്ച് ബിരുദവും അൽ ദൈദ് സെന്‍റർ ഫോർ ഡെസേർട്ട് സയൻസസും ഇവിടെയുണ്ടാകും. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ സർവകലാശാല പ്രസിഡന്‍റുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ സർവകലാശാല ഡയറക്ടർ പ്രഫ. ഹാമിദ് മജുൽ അൽ നുഐമി എന്നിവരടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.