ടയറുകൾ ശ്രദ്ധിക്കണം; അപകടം വരുത്തിവെക്കരുതെന്ന് പൊലീസ്
text_fieldsഅബൂദബി: വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്.
വാഹനമോടിക്കുന്നതിനിടെ, ടയർ പൊട്ടിയുണ്ടായ രണ്ട് വലിയ അപകടങ്ങളുടെ ദൃശ്യം പങ്കുവെച്ചാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലെ ആദ്യ 20 സെക്കൻഡിൽ അതിവേഗ പാതയിലേക്കെത്തിയ മിനി വാൻ ടയറുകൾ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയും റോഡരികിലെ ഇരുമ്പുവേലിയിൽ ഇടിച്ച് മലക്കംമറിഞ്ഞ ശേഷം വലത്തേ ലൈനിലേക്ക് മറിഞ്ഞെത്തുന്നതുമാണ് കാണുന്നത്.
തലനാരിഴക്കാണ് ഈ വാൻ മറ്റു വാഹനങ്ങളെ ഇടിക്കാതിരുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്. രണ്ടാമത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടതും മിനിവാനാണ്. വലത്തേ ലൈനിലൂടെ പോവുകയായിരുന്ന വാഹനത്തിന്റെ ടയർ പൊട്ടുകയും വാഹനം വിവിധ ലൈനുകളിലൂടെ മലക്കം മറിഞ്ഞുപോവുകയുമായിരുന്നു. ഇതിനുശേഷം മിനി വാൻ അരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചുകയറുകയായിരുന്നു.
കേടുപാടുള്ള ടയറുകളുള്ള വാഹനങ്ങളോടിക്കുന്നത് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റ് ചുമത്തുന്നതിനും വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുന്നതിനും കാരണമാവും. വാഹനങ്ങൾക്ക് അനുസൃതമായ ടയറുകൾ തെരഞ്ഞെടുക്കണമെന്നും ഉപയോഗിക്കുന്ന ടയറിന്റെ അനുയോജ്യതയും ദീർഘദൂര യാത്രകളിൽ എത്രമാത്രം ചൂട് ടയറുകൾക്ക് താങ്ങാനാവുമെന്നും വാഹനത്തിന്റെ നിർമാണ തീയതിയും ഭാര ശേഷിയും ഉറപ്പുവരുത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.