ഷാർജയിൽ പേ പാർക്കിങ് സമയം നീട്ടി
text_fieldsഷാർജ: എമിറേറ്റിൽ ചിലയിടങ്ങളിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്.
നവംബർ ഒന്ന് മുതലാണ് ഷാർജയിൽ പെയ്ഡ് പാർക്കിങ്ങിന്റെ പുതിയ സമയക്രമം നിലവിൽ വരുക. നേരത്തേ രാവിലെ എട്ട് മുതൽ രാത്രി 10 വരെയായിരുന്നു ഈ മേഖലകളിൽ പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം 16 മണിക്കൂറായി ദീർഘിപ്പിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീല നിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിദിന പാർക്കിങ് ഫീസ് കൂടാതെ എല്ലാദിവസവും പാർക്കിങ് ആവശ്യമുള്ളവർക്ക് പെയ്ഡ് പാർക്കിങ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വിവിധ പ്ലാനുകൾ തെരഞ്ഞെടുക്കാം.
രണ്ട് രീതിയിലാണ് സബ്സ്ക്രിപ്ഷൻ പ്ലാൻ. ഷാർജയിലെ എല്ലായിടത്തും പാർക്ക് ചെയ്യാവുന്നതും രണ്ട് പ്രത്യേക ഏരിയകളിൽ മാത്രം പാർക്കു ചെയ്യാവുന്നതുമാണിത്. തെരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച് ഫീസിനത്തിൽ മാറ്റമുണ്ടാകും.
10 ദിവസം മുതൽ 12 മാസം വരെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും പാർക്ക് ചെയ്യാവുന്ന ഓപ്ഷനിൽ പത്ത് ദിവസത്തേക്ക് 170 ദിർഹമും 12 മാസത്തേക്ക് 2850 ദിർഹമുമാണ് ഫീസ്.
രണ്ട് പ്രത്യേക ഇടങ്ങളിൽ മാത്രം പാർക്കിങ് കഴിയുന്ന ഏരിയകളിൽ ഇത് മൂന്ന് മാസത്തേക്ക് 600 ദിർഹമും 12 മാസത്തേക്ക് 2100 ദിർഹമുമാണ് ഫീസ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.