പി.സി.ആർ: യു.എ.ഇ യാത്രക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsദുബൈ: കേന്ദ്രസർക്കാർ യാത്രാ ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയെ ഉൾപ്പെടുത്താത്തതിൽ പ്രവാസലോകത്ത് പ്രതിഷേധം. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ തയാറാക്കിയ പട്ടികയിലാണ് യു.എ.ഇയെയും കുവൈത്തിനെയും ഉൾപ്പെടുത്താതിരുന്നത്. ജനസംഖ്യയുടെ 94 ശതമാനവും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ് യു.എ.ഇയിലുള്ളത്. നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റർ ഡോസും സ്വീകരിച്ചുകഴിഞ്ഞു. യു.എ.ഇയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ പട്ടികയിൽ യു.എ.ഇയെ ഉൾപ്പെടുത്താത്തതിലാണ് പ്രതിഷേധം. ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന നാടു കൂടിയാണ് യു.എ.ഇ. ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃദ് രാജ്യം കൂടിയായ യു.എ.ഇയെ എന്തുകൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രവാസികൾ ചോദിക്കുന്നു.
യു.എ.ഇയിൽ ഇന്നലെ 1588 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യു.എസ്.എയിൽ രണ്ട് ലക്ഷത്തിന് മുകളിലും. യു.എസ്.എയിൽനിന്നെത്തുന്നവർക്ക് ടെസ്റ്റ് വേണ്ടെന്നും 1588 കേസുകൾ മാത്രമുള്ള യു.എ.ഇയിൽനിന്നെത്തുന്നവർ പി.സി.ആർ പരിശോധന നടത്തണമെന്നും പറയുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്. 50 ദിർഹം മുതൽ 150 ദിർഹം വരെ മുടക്കിയാണ് ഓരോരുത്തും പരിശോധന നടത്തുന്നത്. ചെറിയ ശമ്പളത്തിന് നിൽക്കുന്ന പ്രവാസികൾക്ക് ഇത് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽനിന്നും ഖത്തർ, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ബഹ്റൈനിൽ 6000ന് മുകളിലാണ് കോവിഡ് കേസുകൾ. സൗദി, ഒമാൻ എന്നിവിടങ്ങളിലും യു.എ.ഇയെക്കാൾ കൂടുതൽ കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. യു.എ.ഇക്ക് പുറമെ ഗൾഫിൽ നിന്ന് കുവൈത്തും പട്ടികയിലില്ല. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.