കടലാഴത്തിലെ കാൽനട തുരങ്ക പാത
text_fieldsബർദുബൈ, ദേര പ്രദേശങ്ങളെ തഴുകി തലോടി കടന്നു പോകുന്ന ദുബൈയുടെ സൗഭാഗ്യമാണ് ക്രീക്ക്. നാഗരികതകളുടെ ചരിത്രം പരിശോധിച്ചാൽ നദീതടങ്ങളും ജലപാതകളും അവയുടെ വളർച്ചയിൽ ഗണ്യമായ ഒരു പങ്ക് വഹിച്ചിരുന്നതായി കാണാം. നദീതീരങ്ങളിൽ വളർന്നുവന്ന ആധുനിക നഗരങ്ങൾക്ക് മനോഹരമായ ഒരു ജൈവീക ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതായി കാണാം. ലണ്ടൻ നഗരത്തിനു തേംസ് നദിയും, കൈറോ നഗരത്തിന് നൈൽ നദിയും, പാരീസിന് സെയിൻ നദിയും എത്രത്തോളം സംഭാവനകൾ നൽകിയിട്ടുണ്ടോ, അതിലധികം സംഭാവനകൾ ദുബൈ നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ നൽകിയ ഒരു ജലപാതയാണ് ദുബൈ ക്രീക്ക്. ഏകദേശം പതിനാല് കിലോമീറ്റർ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബൈ നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു. ക്രീക്കിന്റെ വിരലുകൾ ഇരുനഗരങ്ങളെയും തലോടുമ്പോൾ അബ്രകളുടെ താളത്തിൽ നിന്ന് ദേശാടന കിളികളുടെ ചിറകടി പെരുകുന്നത് കേൾക്കാൻ നല്ല രസമാണ്.
ബർദുബൈ അമ്പലത്തിൽ നിന്ന് കാറ്റ് കവർന്നെടുത്ത പൂക്കൾ ജലാശത്തിന്റെ നീലിമയിൽ ഒഴുകിനടക്കുന്നത് കാണാം. കടത്തു വള്ളങ്ങളിൽ ഇരുന്ന് അക്കരക്കും ഇക്കരക്കും പോകുമ്പോൾ കുഞ്ഞോളങ്ങളിൽ പുളക്കുന്ന മീനുകളുടെ ജലസങ്കീർത്തനം നാടോർമകളിലെ തോടുകളുടെ നീലിമയിലേക്ക് കൈപിടിക്കും. ക്രീക്കിന് മുകളിലൂടെ പത്തോളം പാലങ്ങളും അൽ ഷിന്ദഗ തുരങ്ക പാതയും മെട്രോ പാതയും കടന്നു പോകുന്നത് എല്ലാവർക്കും അറിയാം. എന്നാൽ ഇരു നഗരങ്ങളേയും ബന്ധിപ്പിച്ച് കടന്നു പോകുന്നൊരു കാൽനട തുരങ്ക പാത ക്രീക്കിനടിയിൽ ഇന്നുമുണ്ട്. അൽഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ ഇന്റർചേഞ്ചിന് സമീപത്തുകൂടെ, ഇരമ്പിയാർക്കുന്ന ഇൻഫിനിറ്റിപാലത്തിന് സമീപത്തുകൂടെ കടന്നു പോകുന്ന ഈ തുരങ്കത്തിന് പറയാൻ ഏറെ കഥകളുണ്ട്. പഴയ മത്സ്യ ചന്തയിൽ നിന്ന് മീൻ വാങ്ങി സൊറ പറഞ്ഞ് കടന്നു പോയ നാലുപതിറ്റാണ്ടുകളുടെ ചരിത്രം ഇതിലെ ഓരോ പടവുകളിലും രേഖപ്പെടുത്തിയതായി തോന്നും. വണ്ടിക്കൂലിക്ക് കാശില്ലാത്തവരുടെ ഏക ആശ്രയമായിരുന്നു ഈ തുരങ്കപാത. ഇന്നും വലിയ സുരക്ഷയൊരുക്കി ദുബൈ ഈ പാതയെ ഹൃദയം പോലെ സംരക്ഷിക്കുന്നു. ഈ പാതയിലൂടെ പഴമയുടെ ഗന്ധം ആസ്വദിച്ച് ഇന്നും സഞ്ചാരം തുടരുകയാണ് ലോകപ്രവാസം. ഇതിലൂടെ കടന്നു പോകുമ്പോൾ കടലലകൾ വന്ന് മുട്ടിവിളിക്കുന്നതായി തോന്നും. ഈ വിസ്മയത്തിലേക്ക് കടക്കാനാവാത്ത സങ്കടം പറഞ്ഞ് ചിലപ്പോൾ മീനുകൾ ജലത്തിൻറെ മടിയിൽ തലവെച്ച് കരയുന്നുണ്ടാവണം. പൂർണമായും നിരീക്ഷണ കാമറകളുടെ സംരക്ഷണ വലയത്തിലാണ് ഇതിലെ ഓരോ പടവുകളും.
അത് കൊണ്ട് തന്നെ അനധികൃത കച്ചവടക്കാരും യാചകരും ഈ വഴിക്ക് വരാറില്ല. അതിക്രമങ്ങൾ കാണിച്ചാൽ നേരെ ചെന്നു കയറുന്നത് പൊലീസിൻറെ വലയിലായിരിക്കും. ദുബൈയുടെ വ്യവസായ വാണിജ്യ മേഖലയുടെ ഹൃദയമാണ് ഈ കടലിടുക്ക് എന്ന് പറഞ്ഞാൽ അധികമാവില്ല. ദിവസവും നൂറ് കണക്കിന് ചരക്കു കപ്പലുകളും ബോട്ടുകളുമാണ് ഇതുവഴി കടന്നു പോകുന്നത് തുരങ്കത്തിലൂടെ പ്രവേശനം സൗജന്യമാണ്. രണ്ട് കരകൾ തമ്മിലുള്ള ദൂരം ഏകദേശം 705 മീറ്റർ അല്ലെങ്കിൽ 2314 അടി ആണ്. പൂർണ്ണമായി കാനറി മഞ്ഞ നിറത്തിൽ ചായം പൂശിയ, നന്നായി വായുസഞ്ചാരമുള്ള, വളരെ വൃത്തിയുള്ളതും സുരക്ഷിതവുമാണ് ഈ നടപ്പാത.
സൈക്കിളുകളും മറ്റും ഇവിടെ അനുവദിക്കാറില്ല. 1975ലാണ് കാൽനട തുരങ്കത്തിന്റെ നിർമാണം പൂർത്തിയായത്. ഇതിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് സമീപം ദമാസ് മരങ്ങൾ തണൽ വിരിക്കുന്നു. പഴയ മീൻ ചന്ത ഓർമയായതോടെ ഈ വഴിക്കുള്ള സഞ്ചാരത്തിനും കുറവ് വന്നിട്ടുണ്ട്. പുതിയ പ്രവാസികൾക്കാവട്ടെ ഈ പാതയെ കുറിച്ച് അധികം അറിയില്ല. കടലിനടിയിൽ വിസ്മയങ്ങൾ തീർത്ത ദുബൈയുടെ മാന്ത്രികത ഈ പാതയിലും കാത്തിരിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.