ലൈന്‍ പാലിച്ചില്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വാഹനമോടിക്കുമ്പോള്‍ ലൈന്‍ അച്ചടക്കം പാലിക്കണമെന്ന് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. വീഴ്ച വരുത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. ഈ മാസം ആരംഭിച്ച ട്രാഫിക് ഹൈലൈറ്റ്സ് കാമ്പയിനിന്റെ ഒന്നാം എപ്പിസോഡിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഓവര്‍ടേക്കിങ് നിരോധിത മേഖലകള്‍, റോഡ് എന്‍ട്രന്‍സുകള്‍, എക്സിറ്റുകള്‍ മുതലായവ വ്യക്തമാക്കുന്ന ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ എന്നിവ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് അബൂദബി പൊലീസിലെ എന്‍ജിനീയര്‍ മന്‍സൂര്‍ റാഷിദ് അല്‍ സൈദി പറഞ്ഞു.
ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് എമിറേറ്റിലെ ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാവുന്നത്. ഇതിനാലാണ് റോഡ് സുരക്ഷക്ക് നിയമങ്ങള്‍ പാലിക്കണമെന്ന് ഊന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് അബൂദബി പൊലീസിലെ സുരക്ഷാ മീഡിയ വകുപ്പുമായി സഹകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ട്രാഫിക് ഹൈലൈറ്റ്സ് എന്നപേരില്‍ ബോധവത്കരണ വിഡിയോകള്‍ നിര്‍മിക്കുന്നത്.
അപകടകരമായ വിധം ഓവര്‍ടേക്കിങ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുമാണ് ചുമത്തപ്പെടുക.
ആംബുലന്‍സുകള്‍ പോലെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കായി നീക്കിയിരിക്കുന്ന റോഡിന്റെ അരികിലൂടെ ഓവര്‍ടേക്കിങ് നടത്തുന്നതിനെതിരെ അബൂദബി പൊലീസിനു കീഴിലുള്ള ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഗുരുതരമായ അപകടങ്ങള്ക്കിടവരുത്തിയ നിരവധി ഡ്രൈവര്‍മാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.