പൊതു, സ്വകാര്യ മേഖലയിൽ ക്രൗഡ് ഫണ്ടിങ്ങിന് അനുമതി
text_fieldsദുബൈ: പൊതു, സ്വകാര്യ മേഖലയിൽ ക്രൗഡ് ഫണ്ടിങ്ങിന് യു.എ.ഇ മന്ത്രിസഭ യോഗം അനുമതി നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബൈ എക്സ്പോയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരുപാട് ആളുകളിൽനിന്ന് പണം സ്വരൂപിക്കുന്നതിനെയാണ് ക്രൗഡ് ഫണ്ടിങ് എന്നുദ്ദേശിക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ മറ്റുള്ളവരിൽനിന്ന് പണം സ്വരൂപിച്ച് ചെറുകിട, വൻകിട വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ കഴിയും.
പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം നൽകി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന പതിവുണ്ട്. പണം നൽകുന്നവർക്ക് ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം നൽകുന്നതാണ് രീതി. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് ബിസിനസ് തുടങ്ങാനുള്ള 'ദുബൈ നെസ്റ്റ്' പദ്ധതി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെയാണ് സാധാരണയായി പണം സ്വീകരിക്കുന്നത്. പണമില്ലാത്തതിനാൽ ബിസിനസ് തുടങ്ങാൻ കഴിയാതെപോകുന്ന യുവസംരംഭകർക്ക് ഏറെ ഗുണംചെയ്യുന്നതാണ് പദ്ധതി.
ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളിയുടെ അവകാശം സംരക്ഷിക്കുന്നതിന് പുതിയ നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. വനിതകളെ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് ലിംഗസമത്വ നയവും മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ സഹകരണ സൊസൈറ്റികളെ യു.എ.ഇയുടെ ഫിനാൻഷ്യൽ മാർക്കറ്റിൽ ഉൾപ്പെടുത്തുന്നതിനും പുതിയ പങ്കാളികളെ കണ്ടെത്തുന്നതിനുമുള്ള നിയമത്തിനും അംഗീകാരം നൽകി. മാർച്ച് 31ന് എക്സ്പോ അവസാനിക്കാനിരിക്കെ ഇവിടെ നടക്കുന്ന അവസാന മന്ത്രിസഭ യോഗമായിരിക്കും ഇതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആറു മാസമായി മന്ത്രിസഭ യോഗം എക്സ്പോയിലെ യു.എ.ഇ പവിലിയനിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.