സന്ദർശക വിസക്കാർക്ക് അനുമതി; യു.എ.ഇയിൽ ടൂറിസ്റ്റ് സീസൺ സജീവമാകും
text_fieldsഅബൂദബി: സന്ദർശക വിസക്കാർക്ക് അനുമതി നൽകിയതോടെ യു.എ.ഇയിലെ ടൂറിസം മേഖല സജീവമാകും. ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതിെൻറ ഭാഗമായി ഹോട്ടൽ മുറികളുടെ റിസർവേഷൻ വർധിച്ചു. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കാനും മികച്ച ടൂറിസം അനുഭവങ്ങളും സേവനങ്ങളും നൽകാനുമുള്ള തയാറെടുപ്പിലാണ് വിനോദ സഞ്ചാരമേഖല. ഒക്ടോബറിൽ എക്‌സ്‌പോ 2020 ആരംഭിക്കുന്നതോടെ ലോക രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. ലോകസഞ്ചാരികളെ ഏറ്റവുമധികം സ്വാധീനിക്കുന്നതിന് എക്‌സ്‌പോ 2020 വഴിയൊരുക്കും. വിനോദ സഞ്ചാര ഭൂപടത്തിൽ രാജ്യത്തിെൻറ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരിക്കും അടുത്ത ആറുമാസങ്ങൾ.
ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ കോവിഡ് മൂലം അനുഭവിക്കുന്ന മാന്ദ്യം പരിഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡിനെ സമർഥമായി കൈകാര്യം ചെയ്യുന്നത് ലോകത്തിന് ആത്മവിശ്വാസം പകരാൻ യു.എ.ഇക്ക് കഴിഞ്ഞു. വാക്‌സിൻ വിതരണത്തിലും കോവിഡ്- പരിശോധനയിലും യു.എ.ഇ ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. ഇതു കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വഴിയൊരുക്കും. ഇതിനു പുറമെ, ഐ.പി.എൽ, ട്വൻറി20 ലോകകപ്പ് എന്നിവയും യു.എ.ഇയിലാണ് നടക്കുക. യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കാൻ ഓഫറുകളും പരിപാടികളും അധികൃതർ ഒരുക്കുന്നുണ്ട്. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ലോകരാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ, കലാ-കായിക പരിപാടികളും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.