കീടനാശിനി പ്രയോഗം; കമ്പനികൾക്ക് മുന്നറിയിപ്പ്
text_fieldsഅബൂദബി: കീടനാശിനി പ്രയോഗവും നിർമാണവുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് നിർദേശവുമായി അധികൃതർ. എലികളെ തുരത്തുന്നതിന് പ്രയോഗിക്കുന്ന രാസപദാർഥങ്ങളിൽ 'മനുഷ്യന് ഹാനികരമാ'ണെന്ന മുന്നറിയിപ്പ് നൽകണമെന്ന് അബൂദബിയിലെ കീടനാശിനി കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടു. നഗരത്തിൽ പ്രവർത്തിക്കണമെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് അബൂദബി പരിസ്ഥിതി, മാലിന്യ അതോറിറ്റി വ്യക്തമാക്കി. പൊതുവിടങ്ങളിൽ ധാരാളമായി വിഷപ്പാക്കറ്റുകൾ മൃഗക്ഷേമ സംഘം കണ്ടെത്തിയിരുന്നു. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇവ ഭക്ഷിച്ചാൽ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും ജീവഹാനി സംഭവിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കും ഇവ കൈകാര്യം ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ അപകട ഭീഷണി വർധിക്കുന്നുണ്ട്. മനുഷ്യജീവന് ഇവ അത്രമാത്രം ഹാനികരമല്ലെങ്കിലും ഉള്ളിൽ ചെന്നാൽ മൂക്കിലൂടെ രക്തസ്രാവവും തലവേദനയും പേശീവേദനയൊക്കെ അനുഭവപ്പെടും. വീടുകൾക്കും കുട്ടികളുടെ കളിയിടത്തിനും സമീപത്തുനിന്ന് മുപ്പതോളം വിഷപ്പാക്കറ്റുകൾ തങ്ങൾ കണ്ടെടുത്തതായി മൃഗക്ഷേമ വളന്‍റിയറായ ഡോ. സൂസൻ അയ്ലോത്ത് പറയുന്നു. ഇവയിൽ ചിലതിൽ മാത്രമാണ് 'വിഷം' മുന്നറിയിപ്പ് ഉണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. മിഠായി കവറുകൾ ആണെന്നു കരുതി കുട്ടികൾ ഇവ എടുക്കാനുള്ള സാധ്യത ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.