ഓമനമൃഗങ്ങളുടെ ആഘോഷമായി പെറ്റ് വേൾഡ് അറേബ്യ
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വളർത്തു മൃഗങ്ങളുടെ സംഗമമായി പെറ്റ് വേൾഡ് അറേബ്യ. ഓമന മൃഗങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന 16 രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പങ്കെടുത്ത പരിപാടി ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് നടന്നത്.
ദുബൈയിൽ നടക്കുന്ന ആദ്യ പെറ്റ് ഇൻഡസ്ട്രി ഷോയായിരുന്നു ഇത്. വളത്തുമൃഗങ്ങളുടെ ഫോട്ടോ ഷൂട്ട് മുതൽ ഫാഷൻ പരേഡ് വരെ ഇവിടെ അരങ്ങേറി. വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ മുതൽ അവയുടെ ചികിത്സരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വരെ മേളയിലുണ്ടായിരുന്നു. മൃഗങ്ങൾക്കുള്ള ബെൽറ്റുകൾ, കുഞ്ഞുടുപ്പുകൾ തുടങ്ങി കളിപ്പാട്ടങ്ങൾ വരെ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ പങ്കെടുത്തു. കോവിഡിനുശേഷം മൃഗങ്ങളെ ഓമനിച്ചുവളർത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
യു.എ.ഇയിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ടതും പ്രതിസന്ധിയിലായതുമായ നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഫുജൈറ ആസ്ഥാനമായ അൽമയ്യയും പങ്കെടുത്തു. ഏറ്റെടുക്കുന്ന നായ്ക്കളുടെ ശാരീരിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യങ്ങളുമെല്ലാം പരിഹരിച്ച് മറ്റുള്ളവർക്ക് ദത്തെടുക്കാൻ അവസരം നൽകുന്ന സ്ഥാപനമാണിത്. പുതിയ ഉടമകളെത്തേടി നിരവധി നായ്ക്കളെ ഇവർ പെറ്റ് വേൾഡ് അറേബ്യയിൽ എത്തിച്ചിരുന്നു.
ആയിരത്തിലേറെ നായ്ക്കളുടെ ദത്തിന് അവസരമൊരുക്കിയിട്ടുണ്ട് ഇവർ. നായ്ക്കൾക്ക് പുറമെ സുന്ദരിപ്പൂച്ചകളും ഇവിടെ മത്സരിച്ച് സമ്മാനം നേടാൻ എത്തി. രോമത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പൂച്ചകളെ വേർതിരിക്കുന്നത്. കൂറ്റൻ രോമക്കാരുടെയും ചെറു രോമക്കാരുടെയും മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാവാൻ ഒട്ടും രോമമില്ലാത്ത പൂച്ചയുമുണ്ടായിരുന്നു.
മൃഗങ്ങളുടെ ഫാൻസിഡ്രസ് മത്സരം, ഫാഷൻ ഷോ, അജിലിറ്റി ഷോ തുടങ്ങി മൃഗസ്നേഹികളുടെ മനസ്സ് കീഴടക്കിയാണ് ഷോ സമാപിച്ചത്. എല്ലാ വർഷവും കൂടുതൽ വിപുലമായ രീതിയിൽ പെറ്റ് വേൾഡ് അറേബ്യ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.