പെട്രോളിന് 41 ഫിൽസും ഡീസലിന് 15 ഫിൽസും കുറഞ്ഞു
text_fieldsദുബൈ: നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ സാധാരണക്കാർക്ക് ആശ്വാസംപകരുന്ന ഇളവ്. കഴിഞ്ഞ മാസത്തേക്കാൾ പെട്രോളിന് 41 ഫിൽസും ഡീസലിന് 15 ഫിൽസും കുറവാണ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ നിലവിൽ വരും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 3.44 ആയിരുന്നതാണ് കുറഞ്ഞത്. സ്പെഷൽ 95 പെട്രോൾ 2.92 ദിർഹമും ഇ പ്ലസ് 91 പെട്രോൾ 2.85 ദിർഹമുമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് യഥാക്രമം 3.33 ദിർഹമും 3.26 ദിർഹവുമായിരുന്നു.
ഡീസൽ ലിറ്ററിന് 15 ഫിൽസ് കുറഞ്ഞ് 3.42 ദിർഹത്തിലെത്തി. ഒക്ടോബറിൽ 3.57 ദിർഹമായിരുന്നു നിരക്ക്. നവംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് ഒക്ടോബറിൽ നൽകുന്നതിനേക്കാൾ 20.91 ദിർഹം മുതൽ 30.34 ദിർഹം വരെ കുറവായിരിക്കും നൽകേണ്ടിവരുകയെന്നാണ് കണക്കാക്കപ്പെടുന്നത്.
തുടർച്ചയായ മാസങ്ങളിൽ വിലവർധന രേഖപ്പെടുത്തിയ ശേഷമാണ് കുറവുണ്ടായത്. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് രണ്ട് ഫിൽസും ഡീസൽ ലിറ്ററിന് 17 ഫിൽസുമാണ് വർധിച്ചിരുന്നത്. നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വിവിധ എമിറേറ്റുകളിലെ ടാക്സി, ബസ് നിരക്കുകളിലും ആനുപാതികമായ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.