അബൂദബിയിൽ ഫോണും സിമ്മും മോഷ്ടിച്ച് ഉപയോഗിച്ചു; യുവതിക്ക് 1,18,600 ദിർഹം പിഴ
text_fieldsഅബൂദബി: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് മൊബൈൽ ഫോണും സിമ്മും മോഷ്ടിച്ച് ഉപയോഗിച്ച ഏഷ്യക്കാരിക്ക് 1,18,600 ദിർഹം പിഴ ചുമത്തി അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. ജോലിയുടെ ഭാഗമായി സ്ഥാപനം കൈമാറിയതായിരുന്നു ഫോണും സിമ്മും.
എന്നാൽ, ജോലി നഷ്ടമായശേഷം പ്രതി ഫോൺ മോഷ്ടിച്ച് കമ്പനി ഉടമയുടെ സിംകാർഡ് ഉപയോഗിക്കുകയായിരുന്നുവെന്നാണ് കേസ്. പിഴത്തുക യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് നഷ്ടപരിഹാരമായി കൈമാറും. മോഷ്ടിച്ച ഫോണും കമ്പനിയുടെ പേരിലുള്ള സിമ്മും നാലു വർഷമാണ് യുവതി ഉപയോഗിച്ചത്.
ഇതുമൂലം 1,18,600 ദിർഹത്തിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഫോണും സിമ്മും മോഷ്ടിച്ച യുവതി തനിക്കു വരുത്തിവെച്ച നഷ്ടം നികത്താൻ ഉത്തരവിടണമെന്ന യുവാവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിച്ചെലവും പ്രതി നൽകണമെന്ന് യുവാവ് വാദിച്ചു. നേരത്തേ കോടതി നോട്ടീസ് നൽകിയിട്ടും പ്രതി കോടതിയിലെത്താൻ സന്നദ്ധയായിരുന്നില്ല.
കേസ് പരിഗണിച്ച കോടതി യുവതിക്ക് 30,000 ദിർഹം പിഴയും ഇതിനു പുറമേ കോടതിച്ചെലവും അഭിഭാഷകന്റെ ഫീസും നൽകാൻ ഉത്തരവിടുകയായിരുന്നു. അതേസമയം ഇതേ സിമ്മിൽനിന്ന് ഭാവിയിൽ വരുന്ന ബില്ലുകളും പ്രതി അടക്കണമെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
സിം ഇപ്പോഴും യുവതിയുടെ കൈയിലുണ്ടെന്നും ഉപയോഗത്തിലുണ്ടെന്നുമുള്ള തെളിവ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മൊബൈൽ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് 2023ൽ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ട് ലഭിച്ചാലുടൻ മൊബൈൽ സേവനദാതാക്കൾ ഫോണിന്റെ വയർലെസ് കണക്ഷൻ അടക്കം ബ്ലോക്ക് ചെയ്യുമെന്നും യു.എ.ഇയിലൊരിടത്തുപോലും ഈ ഫോൺ വയർലെസ് കണക്ഷൻ ചെയ്യാനാവില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.