ഉറങ്ങിയ അധ്യാപികയുടെ ഫോട്ടോ പ്രചരിപ്പിച്ചു: സ്കൂൾ ജീവനക്കാരിക്ക് 2000 ദിർഹം പിഴ
text_fieldsദുബൈ: വിശ്രമവേളയിൽ സ്കൂൾ കാമ്പസിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോ അനുമതിയില്ലാതെ മൊബൈലിൽ പകർത്തി വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ച സ്കൂൾ ജീവനക്കാരിക്ക് ദുബൈ കോടതി 2000 ദിർഹം പിഴ ചുമത്തി.
ദുബൈയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ അധ്യാപിക വിശ്രമസമയത്ത് ടീച്ചേഴ്സ് റൂമിൽ ഉറങ്ങുകയായിരുന്നു.
ഈ സമയം സഹപ്രവർത്തക കൂടിയായ പ്രതി അധ്യാപിക അറിയാതെ ഫോട്ടോ മൊബൈലിൽ പകർത്തുകയായിരുന്നു.
ടീച്ചറുടെ മുഖം ഫോട്ടോയിൽ വ്യക്തമായിരുന്നു. പകർത്തിയ ഫോട്ടോ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് ഇവർ വാട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അധ്യാപിക നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ജോലിയുടെ ഭാഗമായാണ് ഫോട്ടോ പകർത്തിയതെന്നായിരുന്നു ജീവനക്കാരിയുടെ ന്യായീകരണം. എന്നാൽ, തന്റെ സ്വകാര്യതയിൽ കടന്നുകയറിയെന്ന് ആരോപിച്ചാണ് അധ്യാപിക പരാതി നൽകിയത്.
ഇത് അംഗീകരിച്ചാണ് പ്രതിക്ക് 2000 ദിർഹം പിഴ ചുമത്തിയതെന്ന് അറബി ദിനപത്രമായ ഇമാറാത്തുൽ യൗം റിപ്പോർട്ട് ചെയ്തു.
ഒരാളുടെ സ്വകാര്യത ലംഘിച്ചു കൊണ്ട് അവരുടെ ഫോട്ടോ എടുക്കുകയോ വിഡിയോ പകർത്തുകയോ ചെയ്യുന്നതും സമൂഹ മാധ്യമങ്ങളിൽ മോശം പരാമർശം നടത്തുന്നതും യു.എ.ഇ നിയമപ്രകാരം അഞ്ചു ലക്ഷം ദിർഹം വരെ പിഴയും ആറു മാസം വരെ തടവും ചുമത്താവുന്ന കുറ്റകൃത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.