തീർഥാടകരെ ചേർത്തുപിടിച്ച് കഅ്ബാലയം
text_fieldsകോവിഡ് ഭീതി തീർത്ത നിയന്ത്രണങ്ങൾ പതിയെ നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ സുഗമമായ രീതിയിൽ ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ കഴിയുന്ന സന്തോഷകരമായ ഒരു സാഹചര്യമാണ് മക്കയിൽ സംജാതമായിരിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം റമദാനിൽ പൂർണാർഥത്തിൽ വിശ്വാസികൾക്കായി കഅ്ബാലയം തുറന്നിട്ടപ്പോൾ ഒഴുകിയെത്തിയത് ലക്ഷങ്ങളായിരുന്നു. മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഹജ്ജ് കർമത്തിന് വിദേശ തീർഥാടകർക്ക് സൗദി ഭരണകൂടം അനുവാദം നൽകിയിരുന്നില്ല. എന്നാൽ, ഈ വർഷം നിയന്ത്രണങ്ങളോടെ സൗദിക്ക് അകത്തും പുറത്തും നിന്നായി 10 ലക്ഷം തീർഥാടകർക്കാണ് അവസരം നൽകാൻ ഹജ്ജ് മന്ത്രാലയം ഒരുങ്ങുന്നത്. ഇന്ത്യയിൽനിന്നും 79,237 തീർഥാടകർക്ക് അവസരമുണ്ടാവും. എട്ടര ലക്ഷം തീർഥാടകരും വിദേശത്തുനിന്നായിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്ക് ചില നിയന്ത്രണങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട് 65 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും അനുമതി. സൗദി അംഗീകരിച്ച കോവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയിരിക്കണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ആരോഗ്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ നിർബന്ധമാക്കിയത്.
ലോകത്തെങ്ങുമുള്ള മുസ്‍ലിംകൾക്ക് വർഷംതോറും സമ്മേളിക്കാനുള്ള ആസ്ഥാനമാണ് മക്ക. മനുഷ്യവംശത്തിന് സമാരംഭം കുറിച്ചത് മക്ക ഉൾപ്പെടുന്ന അറേബ്യയിലാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എല്ലാ സെമിറ്റിക് സമുദായങ്ങളുടെയും ആവിർഭാവം അറബികളിൽനിന്നാണെന്ന് ചരിത്രകാരനായ ഡോ. സ്പ്രിംഗർ രേഖപ്പെടുത്തിയിട്ടുണ്ട്. 'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക'യിൽ ചരിത്ര പണ്ഡിതനായ നോൽഡക് അറേബ്യയായിരുന്നു സെമിറ്റിക് സമുദായങ്ങളുടെ പുരാതനകേന്ദ്രമെന്ന് വിവരിച്ചതായി കാണാം. മക്കാ നഗരമാണ് മനുഷ്യകുലത്തിന്റെ നാഗരികതയുടെയും സംസ്കാരത്തിന്റെയും പ്രഭവകേന്ദ്രം. വേദഗ്രന്ഥമായ ഖുർആൻ ഗ്രാമങ്ങളുടെ മാതാവ് എന്ന അർഥം വരുന്ന 'ഉമ്മുൽ ഖുറാ' എന്ന് മക്കയെക്കുറിച്ച് പരാമർശിച്ചതും ഇക്കാരണത്താൽതന്നെയാവാം. മക്കയിലെ പരിശുദ്ധ കഅ്ബാലയത്തെ ചിരപുരാതനമായ ഭവനം എന്ന അർഥമുള്ള 'അൽ ബൈത്തുൽ അതീഖ്' എന്ന് വിശേഷിപ്പിച്ചതും ഏറെ ശ്രദ്ധേയമാണ്. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ ആരാധിക്കാൻ ഭൂലോകത്ത് പ്രഥമമായി നിർമിച്ച ദൈവികഗേഹമാണ് മക്കയിലെ കഅ്ബ മന്ദിരം.
കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷങ്ങളുടെ ദിശയായി വർത്തിക്കുന്നത് കഅ്ബയാണ്. കഅ്ബ ഒരുനോക്ക് കാണാനും അവിടത്തെ കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും വേണ്ടി നിരവധി യുഗങ്ങളിൽ എണ്ണമറ്റ തീർഥാടകർ സഹിച്ച ത്യാഗ പരിശ്രമങ്ങൾ ചരിത്രത്താളുകളിൽ തങ്കലിപികളോടെ രേഖപ്പെടുത്തിയതായി കാണാം. കഅ്ബ മന്ദിരം ഏത് കാലഘട്ടം നിർമിച്ചെന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യ ചരിത്രത്തോളംതന്നെ കഅ്ബയുടെ ചരിത്രത്തിനും പഴക്കമുണ്ട്. പ്രവാചകൻ ഇബ്രാഹീമിന്റെ കാലഘട്ടം തൊട്ടുള്ള കഅ്ബയുടെ ചരിത്രമാണ് ഇന്ന് നാം അറിയുന്നത്. നൂഹ് നബിയുടെ കാലത്തുണ്ടായ ഭയങ്കരമായ പ്രളയത്തിൽ കഅ്ബാ മന്ദിരത്തിനും കേടുപാടുകൾ പറ്റിയതായി ചരിത്രം പറയപ്പെടുന്നു. പിന്നീട് ഇബ്രാഹീം നബിയും മകൻ ഇസ്‌മാഈലും ചേർന്നാണ് ഈ പുരാതന ഭവനം പുനർനിർമിച്ചത്.
കഅ്ബ കേന്ദ്രമാക്കി നിർവഹിക്കുന്ന ഹജ്ജ് കർമം ലോക മുസ്‍ലിംകളുടെ വാർഷിക സമ്മേളനവും സവിശേഷതകളുടെ മഹാസംഗമവുംകൂടിയാണ്. കഅ്ബാലയത്തിന്റെ പരിസരത്ത് ആത്മീയനിർവൃതിയുണ്ട്. സ്‌നേഹവും സാഹോദര്യവും സ്‌ഫുരിക്കുന്ന മഹിതമായ മാതൃകകളുണ്ട്. കോവിഡാനന്തര കാലത്ത് പ്രത്യാശയുടെ പൊൻകിരണവുമായി മക്കയിലെ കഅ്ബാലയം കൂടുതൽ പ്രഭയോടെ ദർശിക്കാൻ വിശ്വാസികൾക്ക് അവസരം ലഭിച്ചിരിക്കുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരിയുടെ ഭീതി കുറെയേറെ കുറഞ്ഞെങ്കിലും പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ വരുതിയിൽ നിർത്താമെന്ന ദൃഢനിശ്ചയത്തിൽ കഅ്ബാലയത്തിന്റെ കവാടങ്ങൾ പൂർണാർഥത്തിൽ തുറന്നിട്ട സൗദി ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യത്തെ ലോക മുസ്‍ലിംകൾ അഭിനന്ദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.