യു.എ.ഇയിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു
text_fieldsഫുജൈറ: യു.എ.ഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ട്രെയിനിങ് വിദ്യാർഥിയെ കാണാതായി. ട്രെയിനിങ് ഇൻസ്ട്രക്ടർ കൂടിയായ പൈലറ്റാണ് മരിച്ചത്. ചൊവ്വാഴ്ച ഫുജൈറ കടൽത്തീരത്തുനിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യു.എ.ഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
പൈലറ്റും ട്രെയിനിങ് വിദ്യാർഥിയും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണെന്ന് വ്യോമയാന അതോറിറ്റി വ്യക്തമാക്കി. കാണാതായ വിദ്യാർഥി വിദേശ പൗരനാണെന്ന് സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
വിമാനം എവിടെ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും പറന്നുയർന്ന് ഏതാണ്ട് മിനിറ്റിനുശേഷം റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏവിയേഷൻ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്തതോടെയാണ് അപകടം സംബന്ധിച്ച വിവരം പുറംലോകം അറിയുന്നത്.
അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങൾ ലഭ്യമായാൽ അറിയിക്കുമെന്നും വ്യോമയാന അതോറിറ്റി അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിന്റെ കുടുംബത്തിന് അധികൃതർ ആദരാഞ്ജലികൾ അറിയിച്ചു.
അതോടൊപ്പം പ്രധാന വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനവും കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ നടപടികളും നിരീക്ഷിച്ചുവരുകയാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിമാനവും കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതു കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന കാര്യവും വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.